ഹവേരി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ യുക്രൈനില്‍ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥി നവീൻ ശേഖർഗൗഡയുടെ അമ്മ വിജയലക്ഷ്‌മി. തന്‍റെ മകന്‍റെ ജീവൻ അപഹരിച്ചത് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായമാണെന്നും വിജയലക്ഷ്‌മി ആരോപിച്ചു.
'കഴിവുള്ള വ്യക്തികൾ ഒരിക്കലും ഒരു ദരിദ്ര കുടുംബത്തിൽ ജനിക്കരുത്. നമ്മുടെ രാജ്യത്ത് പ്രതിഭാശാലികൾക്കും അവരുടെ കഴിവിനും യാതൊരു വിലയുമില്ല. ഈ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായം എന്‍റെ മകന്‍റെ ജീവൻ അപഹരിച്ചു. ജാതി വ്യവസ്ഥ ഇല്ലായിരുന്നുവെങ്കിൽ എന്‍റെ മകന് ഇവിടെ സീറ്റ് ലഭിക്കുമായിരുന്നു. എന്‍റെ മകൻ ദാരിദ്ര്യം മൂലമല്ല മരിച്ചത്, ഈ രാജ്യത്തെ വ്യവസ്ഥകൾ മൂലമാണ് മരിച്ചത്'- വിജയലക്ഷ്‌മി പ്രതികരിച്ചു.
ഹവേരി ജില്ലയിലെ ചാലഗേരിയിൽ തന്‍റെ വസതിയിൽ വച്ച് സംസാരിക്കുകയായിരുന്നു അവർ. മെഡിക്കൽ സീറ്റിന് രാജ്യത്തെ കോളജുകൾ കോടിക്കണക്കിന് രൂപയാണ് ആവശ്യപ്പെടുന്നതെന്ന് വിജയലക്ഷ്‌മി ആരോപിച്ചു. എന്നാൽ തങ്ങളുടെ പക്കൽ അത്രയും പണം ഇല്ല. യുക്രൈനിൽ മെഡിക്കൽ സീറ്റിന് ഏകദേശം 50-60 ലക്ഷം രൂപയാണ്. അതുകൊണ്ട് മാത്രമാണ് മകനെ യുക്രൈനിലേക്ക് അയച്ചത്. അല്ലായിരുന്നുവെങ്കിൽ മകനെ തങ്ങളോടൊപ്പം നിർത്തി കന്നുകാലി മേയ്‌ക്കുന്നതിനോ കൃഷി നടത്തുന്നതിനോ വിടുമായിരുന്നു.