ഭുവനേശ്വര്‍:ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിച്ചുണ്ടായ അപകടസ്ഥലത്തേക്ക് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നാളെ (ശനിയാഴ്‌ച) എത്തും. അപകടമുണ്ടായ ഉടനെ തന്നെ സ്ഥിതിഗതികൾ വിലയിരുത്താന്‍ കൺട്രോൾ റൂമിലേക്ക് അദ്ദേഹം തിരിച്ചിരുന്നു. മന്ത്രി പ്രമീള മല്ലിക്കിനോടും സ്പെഷ്യൽ റിലീഫ് കമ്മിഷണറോടും (എസ്ആർസി) അപകടസ്ഥലത്ത് ഉടനെത്താന്‍ മുഖ്യമന്ത്രി നിർദേശിച്ചു.
ഒഡിഷയിലെ ബാലസോറില്‍ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നത്. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്‌സ്‌പ്രസിന്‍റെ നിരവധി ബോഗികള്‍ പാളം തെറ്റിയിരുന്നു. ബാലസോറിലെ ബഹാനാഗ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തില്‍ 50 പേര്‍ മരിച്ചിരുന്നു. വിവരമറിഞ്ഞയുടനെ ലോക്കല്‍ പൊലീസ്, റെയില്‍വേ ഉദ്യോഗസ്ഥര്‍, ജില്ല കലക്‌ടര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Also read: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 മരണം, 179 പേര്‍ക്ക് പരിക്ക്, 300 യാത്രികരെ രക്ഷപ്പെടുത്തി
രക്ഷാപ്രവര്‍ത്തനം ഇങ്ങനെ:ബാലസോറില്‍ കോറമണ്ഡല്‍ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും തമ്മില്‍ കൂട്ടിയിച്ചതോടെ കോറമണ്ഡല്‍ എക്‌സ്‌പ്രസിന്‍റെ നാല് ബോഗികളായിരുന്നു പാളം തെറ്റിയത്. പാളം തെറ്റിയ ഈ ബോഗികള്‍ക്കിടയില്‍പ്പെട്ട യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട 300 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി. അതേസമയം 500 പേരോളം ഇനിയും ട്രെയിനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിനുകള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ സോറോ സിഎച്ച്‌സി, ഗോപാൽപൂർ സിഎച്ച്‌സി, ഖന്തപദ പിഎച്ച്‌സി എന്നിവിടങ്ങളിലേക്ക് മാറ്റി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ 20 ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിരുന്നു.