കേരളം

kerala

ETV Bharat / bharat

Oscar 2023 | ഡോള്‍ബിയില്‍ ഇന്ത്യന്‍ ദീപാവലിയായി 'നാട്ടു നാട്ടു' ; മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ - നാട്ടു നാട്ടു

ആര്‍ആര്‍ആറിലെ നാട്ടു നാട്ടു മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു

Nattu Nattu song won Oscar award  Nattu Nattu song won Oscar award for the best song  Nattu Nattu song  Oscar award  Oscar award 2023  അഭിമാനമായി നാട്ടു നാട്ടു  മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം  ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം  ഓസ്‌കര്‍  നാട്ടു നാട്ടു  എംഎം കീരവാണി
അഭിമാനമായി നാട്ടു നാട്ടു

By

Published : Mar 13, 2023, 8:54 AM IST

Updated : Mar 13, 2023, 9:44 AM IST

ലോസ്‌ ഏഞ്ചല്‍സ് : 95-ാമത് ഓസ്‌കര്‍ വേദിയില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി നാട്ടു നാട്ടു. മികച്ച ഗാനമായാണ് നാട്ടു നാട്ടു തെരഞ്ഞെടുക്കപ്പെട്ടത്. രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ഗാനമാണ് ഇത്. ചന്ദ്രബോസിന്‍റെ വരികള്‍ക്ക് എം എം കീരവാണിയാണ് സംഗീതം നല്‍കിയത്. ഗാനം ഓസ്‌കര്‍ പുരസ്‌കാര വേദിയായ ഡോള്‍ബി തിയേറ്ററില്‍ അവതരിപ്പിക്കുകയും ചെയ്‌തു.

ഓസ്‌കര്‍ വേദിയെ ഇളക്കി മറിച്ചായിരുന്നു നാട്ടു നാട്ടുവിന്‍റെ അവതരണം. സെന്‍സേഷണല്‍ സോങ് എന്നായിരുന്നു വേദിയില്‍ ബോളിവുഡ് താരം ദീപിക പദുകോണ്‍ നാട്ടു നാട്ടുവിനെ വിശേഷിപ്പിച്ചത്. ഗാനത്തെ കുറിച്ചുള്ള ഓരോ പരാമര്‍ശങ്ങളും നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.

ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് നാട്ടു നാട്ടു മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാരം രചയിതാവ് ചന്ദ്രബോസും സംഗീത സംവിധായകന്‍ എം എം കീരവാണിയും ചേര്‍ന്ന് ഏറ്റുവാങ്ങി. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും നാട്ടു നാട്ടു സ്വന്തമാക്കിയിരുന്നു. കൂടാതെ ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരത്തിനും നാട്ടു നാട്ടു അര്‍ഹമായി.

രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവരാണ് ഈ ഹിറ്റ് ഗാനം ആലപിച്ചിരിക്കുന്നത്. രാം ചരണിന്‍റെയും ജൂനിയര്‍ എന്‍ടിആറിന്‍റെയും ചടുലമായ നൃത്തച്ചുവടുകളോടെ ആര്‍ആര്‍ആറില്‍ അവതരിപ്പിക്കപ്പെട്ട ഗാനം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ഏറെ സ്വീകാര്യത നേടിയിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സ്‌ അടക്കം കൈയടക്കിയ നാട്ടു നാട്ടു ഗാനരംഗത്തിന്‍റെ കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത് പ്രേം രക്ഷിത് ആണ്.

നാട്ടു നാട്ടു ചിത്രീകരിച്ചത് കീവിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ : യുക്രൈനായിരുന്നു നാട്ടു നാട്ടുവിന്‍റെ ലൊക്കേഷന്‍. യുക്രൈന്‍ തലസ്ഥാനമായ കീവിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലാണ് ഗാനരംഗം ചിത്രീകരിച്ചത് എന്ന് ആര്‍ആര്‍ആര്‍ സിനിമയുടെ സംവിധായകന്‍ രാജമൗലി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രധാന കഥാപാത്രങ്ങള്‍ ഒഴികെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട മുഴുവന്‍ പേരും പ്രൊഫഷണല്‍ ഡാന്‍സര്‍മാരായിരുന്നു എന്നാണ് നാട്ടു നാട്ടുവിന്‍റെ ചിത്രീകരണത്തെ കുറിച്ച് രാജമൗലി പറഞ്ഞത്.

ചടുലമായ ചുവടുകള്‍ക്ക് പിന്നില്‍ പ്രേം രക്ഷിത് :ഗാനരംഗത്തിലെ രാം ചരണിന്‍റെയും ജൂനിയര്‍ എന്‍ടിആറിന്‍റെയും ചടുലമായ നൃത്തരംഗത്തിന് പിന്നില്‍ പ്രേം രക്ഷിത്തിന്‍റെ കഠിന പരിശ്രമം ഉണ്ടെന്നും സംവിധായകന്‍ പ്രതികരിച്ചിരുന്നു. പാട്ട് മനോഹരമായിരിക്കണം, എന്നാല്‍ നൃത്തച്ചുവടുകള്‍ ബുദ്ധിമുട്ടുള്ളവയാകാനും പാടില്ല. ആളുകള്‍ക്ക് ചുവടുകള്‍ അനുകരിക്കാന്‍ സാധിക്കണം. ചുവടുകള്‍ അഭിനേതാക്കളുടെ ശൈലിക്ക് അനുയോജിച്ചതായിരിക്കണം. എന്നിങ്ങനെ നിരവധി കണ്ടീഷനുകള്‍ താന്‍ പ്രേം രക്ഷിത്തിന് മുന്നില്‍ വച്ചിരുന്നു എന്നും അതുകൊണ്ട് തന്നെ ഗാനത്തിന്‍റെ ഹുക്ക് ലൈനിനായി പ്രേം എത്തിയത് നൂറിലധികം വേരിയേഷനുകളുമായാണെന്നും രാജമൗലി പറയുകയുണ്ടായി.

ആര്‍ആര്‍ആര്‍ എന്ന സൂപ്പര്‍ ഹിറ്റ്: 1920 കളില്‍ ജീവിച്ചിരുന്ന യതാര്‍ഥ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരെ ചുറ്റിപ്പറ്റി സ്വാതന്ത്ര്യത്തിന് മുമ്പ് നടക്കുന്ന സംഭവങ്ങളാണ് ആര്‍ആര്‍ആര്‍ സിനിമയില്‍ കാണിക്കുന്നത്. ചരിത്രവും ഫിക്ഷനും ചേര്‍ത്താണ് ചിത്രം ഒരുക്കിയത്. ചിത്രത്തില്‍ അല്ലൂരി സീതാരാമ രാജു ആയി രാം ചരണും കൊമരം ഭീം ആയി ജൂനിയര്‍ എന്‍ടിആറും വേഷമിട്ടു. ആലിയ ഭട്ട്, അജയ്‌ ദേവ്‌ഗണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ആര്‍ആര്‍ആറിലൂടെ രാജമൗലിക്ക് ലഭിച്ചിരുന്നു. ആഗോള തലത്തില്‍ ബോക്‌സോഫിസില്‍ 1200 കോടിയിലധികമാണ് ആര്‍ആര്‍ ആര്‍ നേടിയ കലക്ഷന്‍.

Last Updated : Mar 13, 2023, 9:44 AM IST

ABOUT THE AUTHOR

...view details