ചെന്നൈ : ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥന് നാടിന്‍റെ അന്ത്യാഞ്ജലി (Nation's Tribute to MS Swaminathan) ഇന്ത്യയെ കാർഷിക സ്വയം പര്യാപ്‌തതയിലേക്ക് നയിച്ച പ്രതിഭയായ സ്വാമിനാഥന്‍ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ്. മാങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. മാഗ്‌സസെ അവാർഡ് ജേതാവായ അദ്ദേഹത്തെ രാജ്യം പത്‌മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്.
സ്വാമിനാഥന്‍റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi On Ms Swaminathan) അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു. സ്വാമിനാഥൻ രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. കാർഷിക മേഖലയ്ക്ക് സ്വാമിനാഥൻ നൽകിയ സംഭാവന ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ചെന്നും അദ്ദേഹം പറഞ്ഞു.
"കൃഷിയിലെ വിപ്ലവകരമായ സംഭാവനകൾക്കപ്പുറം ഡോ. സ്വാമിനാഥൻ നവീകരണത്തിന്‍റെ ശക്തികേന്ദ്രവും അനേകരെ പരിപോഷിപ്പിക്കുന്ന മാര്‍ഗദര്‍ശിയുമായിരുന്നു. ഗവേഷണത്തിനും മാർഗനിർദേശത്തിനുമുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ പ്രതിബദ്ധത ശാസ്ത്രലോകത്ത് പ്രതിഫലിച്ചിട്ടുണ്ട്. ഡോ. സ്വാമിനാഥനുമായുള്ള സംഭാഷണങ്ങൾ ഞാൻ എല്ലായ്‌പ്പോഴും വിലമതിക്കുന്നു. ഇന്ത്യ പുരോഗതിയിലെത്തി കാണാനുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം മാതൃകാപരമായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതവും പ്രവർത്തനവും വരും തലമുറകൾക്ക് പ്രചോദനമാകും. അദ്ദേഹത്തിന്‍റെ കുടുംബത്തോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി" - മോദി എക്‌സില്‍ കുറിച്ചു.
സമാനതകളില്ലാത്ത കാർഷിക ശാസ്‌ത്രജ്‌ഞനാണ് ഹരിത വിപ്ലവത്തിന്‍റെ പതാകവാഹകനായ എംഎസ് സ്വാമിനാഥനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Narendra Modi) അനുസ്‌മരിച്ചു. കാര്‍ഷിക രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുവാന്‍ ആഗ്രഹിച്ച് മൗലികമായ കാര്‍ഷികശാസ്ത്ര സിദ്ധാന്തങ്ങള്‍ മുന്നോട്ടുവയ്ക്കുകയും, അത് നടപ്പാക്കാന്‍ ജീവിതം തന്നെ സമര്‍പ്പിക്കുകയും ചെയ്ത അന്താരാഷ്ട്ര പ്രശസ്‌തനായ കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്നു സ്വാമിനാഥനെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.