ഹൈദരാബാദ് :എല്ലാ കൊല്ലവും നവംബര്‍ 18 ദേശീയ പ്രകൃതി ചികിത്സ ദിനമായി ദേശീയ ആയുഷ് മന്ത്രാലയം ആചരിക്കുന്നു. പ്രകൃതി ചികിത്സയേയും അതിന്‍റെ ഗുണങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് ഈ ദിനാചരണത്തിന്‍റെ ഉദ്ദേശ്യം (national naturopathy Day). പ്രകൃതി വിഭവങ്ങളിലൂടെയും സ്വാഭാവിക പ്രവര്‍ത്തനങ്ങളിലൂടെയും ആരോഗ്യം കാത്തുസൂക്ഷിക്കാനും രോഗശമനത്തിനുമായി ആഗോളതലത്തില്‍ ആവിഷ്ക്കരിച്ചിട്ടുള്ള ഔഷധമില്ലാത്ത ബദല്‍ ചികിത്സ രീതിയാണ് ഇത്.
രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങളെ പ്രകൃതി ചികിത്സയെക്കുറിച്ച് ബോധവത്‌ക്കരിക്കാനും അറിവ് പകരാനുമാണ് ഈ ദിനം നീക്കി വച്ചിരിക്കുന്നത്. പ്രകൃതി ചികിത്സ രീതികളുടെ തത്വങ്ങളെയും നേട്ടങ്ങളെയും കുറിച്ച് ജനങ്ങള്‍ക്ക് അറിവ് പകരാനായി ആയുഷ് മന്ത്രാലയം (Ayush ministry) ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ലോകമെമ്പാടും മരുന്നില്ലാത്ത ഒരു ബദല്‍ ചികിത്സ രീതി എന്നനിലയില്‍ പ്രകൃതി ചികിത്സയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. സ്വഭാവിക മാര്‍ഗങ്ങളിലൂടെ രോഗ ചികിത്സയും സൗഖ്യവും പ്രദാനം ചെയ്യുന്ന തത്വങ്ങളാണ് ഇവിടെ പിന്തുടരുന്നത്.
പ്രാധാന്യം(significance of naturopathy): പ്രകൃതിചികിത്സയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്നത് തന്നെയാണ് പ്രാഥമികമായി ഈ ദിനാചരണത്തിന്‍റെ പ്രാധാന്യം. ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സ്വാഭാവിക മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന സമഗ്ര സമീപനം ജനങ്ങളിലെത്തിക്കാനും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു. ആരോഗ്യകരമായ ശൈലിയിലൂടെ ജീവിതം കെട്ടിപ്പടുക്കാനുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നു.
എന്താണ് പ്രകൃതി ചികിത്സ? (what is naturopathy): ആഗോളതലത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന പ്രാചീനമായ ഒരു ചികിത്സ രീതിയാണിത്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ആരോഗ്യസംരക്ഷണത്തിന്‍റെ സമഗ്ര രീതിയായി ഇന്ന് ആചരിച്ച് പോന്നിരുന്നു. തത്വങ്ങളിലും ലക്ഷ്യങ്ങളിലും നിയമങ്ങളിലും മറ്റും ഇതിന് ആയൂര്‍വേദവുമായി ചില സമാനതകള്‍ ഉണ്ട്. ഒരു ചികിത്സ രീതിക്കുമപ്പുറം ഇതൊരു ജീവിതചര്യയാണ്.
പ്രകൃതി ചികിത്സയുടെ ലക്ഷ്യം(Aims of naturopathy): നിരവധി ആരോഗ്യപ്രശ്‌നങ്ങളെ പ്രകൃതി ചികിത്സ നിത്യവും അഭിമുഖീകരിക്കുന്നുണ്ട്. സമഗ്രമായ ആരോഗ്യ സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷണത്തിലും ജീവിത ചര്യകളിലുമുള്ള നിയന്ത്രണങ്ങളാണ് ഇതിന്‍റെ പ്രാഥമിക തത്വം. പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുകയാണ് ചികിത്സയുടെ അടിസ്ഥാനം. പ്രകൃതി വിഭവങ്ങള്‍ മാത്രമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. അതായത് ശുദ്ധീകരണ പ്രക്രിയകള്‍, വെള്ളം, സൂര്യന്‍, മണ്ണ് എന്നിവയാണ് ചികിത്സയില്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
പ്രതിരോധം തന്നെയാണ് പ്രകൃതി ചികിത്സയുടെ അടിസ്ഥാനം. അതായത് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ രോഗം വരാതെ നോക്കുക എന്നതിന് ഊന്നല്‍ നല്‍കുന്നു. വ്യക്തികളുടെ ശരീരം, പരിസ്ഥിതി, ജീവിതചര്യകള്‍ എന്നിവ പരിഗണിച്ചാണ് ചികിത്സ നിര്‍ദേശിക്കുന്നത്. സ്വഭാവിക മരുന്നുകള്‍, ചികിത്സകള്‍, വ്യായാമങ്ങള്‍ എന്നിവ ഓരോരുത്തരുടെയും കായിക ക്ഷമതയ്ക്ക് അനുകൂലമായ രീതിയില്‍ ഈ ചികിത്സ രംഗത്ത് ഉപയോഗിക്കുന്നു. ഇവയെല്ലാം ശരീരത്തില്‍ ചെറിയ രീതിയില്‍ മാത്രമേ ബാധിക്കുന്നുള്ളൂ. ഇവയൊക്കെ തന്നെയാണ് ഈ ചികിത്സാരീതിയുടെ പ്രധാന ഘടകങ്ങളും.