കബഡി ഇതിഹാസം അർജുൻ ചക്രവർത്തിയുടെ ജീവിതം സിനിമയാകുന്നു (National Kabaddi Player biopic). 1980കളിലെ ഇന്ത്യന്‍ കബഡി കളിക്കാരന്‍ അർജുൻ ചക്രവർത്തിയുടെ ജീവിത കഥയെ (National Kabaddi Player Arjun Chakravarthy biopic) ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'അർജുൻ ചക്രവർത്തി - ജേര്‍ണി ഓഫ് ആന്‍ അണ്‍സങ്ങ് ചാമ്പ്യന്‍'.
പ്രഖ്യാപനം മുതല്‍ വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ച സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു (Arjun Chakravarthy First Look Poster). അര്‍ജുന്‍ ചക്രവര്‍ത്തിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ താരത്തിന്‍റെ പരിശ്രമങ്ങളും കഷ്‌ടപ്പാടുകളുമാണ് വരച്ചുകാട്ടുന്നത്. വിജയ് രാമ രാജുവാണ് സിനിമയില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത്.
ചിത്രത്തിലെ വിജയ് രാമ രാജുവിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കയ്യില്‍ സ്വര്‍ണ മെഡലും മുഖത്ത് അഭിമാന ഭാവവുമായി സ്‌റ്റേഡിയത്തിന് നടുവിൽ മൈക്കിന് മുന്നില്‍ നില്‍ക്കുന്ന അർജുൻ ചക്രവർത്തിയുടെ കഥാപാത്രത്തെയാണ് ഫസ്‌റ്റ് ലുക്കിൽ കാണാനാവുക. സിനിമയ്‌ക്കായി വിജയ് രാമ രാജു നടത്തിയ ഫിസിക്കല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഏറെ അഭിനന്ദനീയമാണ്.
വിക്രാന്ത് രുദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് രാമ രാജുവും, സിജ റോസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ്, ദുർഗേഷ്, അജയ് ഘോഷ്, ദയാനന്ദ് റെഡ്ഡി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ശ്രീനി ഗുബ്ബാല ആണ് സിനിമയുടെ നിര്‍മാണം.
സിനിമയെ കുറിച്ച് നിർമാതാവ് ശ്രീനി ഗുബ്ബാല പ്രതികരിക്കുന്നുണ്ട്. 'അർജുൻ ചക്രവർത്തി വെറുമൊരു സിനിമ മാത്രമല്ല, വെല്ലുവിളികളെ മറികടന്ന് നമ്മെ എല്ലാം പ്രചോദിപ്പിക്കുന്ന വ്യക്തികളുടെ ആത്മ സമര്‍പ്പണത്തിനുള്ള ബഹുമതി കൂടിയാണ്. നിശ്ചയദാർഢ്യവും സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കാനുള്ള നിതാന്ത പരിശ്രമവും നിറഞ്ഞ കഥയാണ് അർജുൻ ചക്രവർത്തിയുടേത്.
മനുഷ്യരുടെ ഇച്ഛാശക്തിയും വിജയ കുതിപ്പുമാണ് ഈ സിനിമയിലൂടെ വരച്ചുകാട്ടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. ഒരു ടീമെന്ന നിലയിൽ, ഇതുവരെ നേടിയെടുത്തത് ഓര്‍ത്ത് ഞങ്ങൾ വളരെ അധികം അഭിമാനിക്കുന്നു. കൂടാതെ ഈ കഥയ്ക്ക് ജീവാംശം പകര്‍ന്ന അഭിനേതാക്കള്‍, അണിയറപ്രവർത്തകര്‍, മറ്റെല്ലാവരിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച അചഞ്ചലമായ പിന്തുണയ്ക്കും ഏറെ കടപ്പാടുണ്ട്.
സിനിമയുടെ ഛായാഗ്രഹണം, സംഗീതം തുടങ്ങി എല്ലാ മേഖലകളും നിര്‍വഹിക്കപ്പെട്ടിരിക്കുന്നത് പ്രേക്ഷകരെ വൈകാരികമായി ആഴത്തില്‍ സ്‌പര്‍ശിക്കാന്‍ ഉതകും വിധത്തിലാണ്. അർജുൻ ചക്രവർത്തിയുടെ ശ്രദ്ധേയമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഈ മനോഹര യാത്രയിൽ ഞങ്ങളോടൊപ്പം ചേരാൻ ഏവരേയും ക്ഷണിക്കുന്നു. പറയപ്പെടേണ്ട ഒരു കഥയാണിത്. ഈ അസാധാരണ യാത്രയുടെ കഥ നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതിന്‍റെ ആവേശത്തിലാണ് ഞങ്ങള്‍.' -ഇപ്രകാരമാണ് നിര്‍മാതാവ് ശ്രീനി ഗുബ്ബാല പറഞ്ഞത്.
ഒരു പാൻ ഇന്ത്യന്‍ റിലീസിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഒരേസമയം തമിഴിലും തെലുഗുവിലും ചിത്രീകരിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലേക്കും മൊഴി മാറ്റി റിലീസ് ചെയ്യും. ഛായാഗ്രഹണം - ജഗദീഷ് ചീക്കട്ടി, എഡിറ്റിങ് - പ്രദീപ് നന്ദൻ, സംഗീതം - വിഘ്നേഷ് ഭാസ്‌ക്കരന്‍, കലാസംവിധാനം - സുമിത് പട്ടേൽ, പിആര്‍ഒ - ആതിര ദില്‍ജിത്ത് എന്നിവരും നിര്‍വഹിക്കുന്നു.
Also Read:Ghoomer Box Office Collection പോസിറ്റീവ് റിവ്യൂകള്‍ ഗുണം ചെയ്‌തില്ല; പാടുപെട്ട് 2 കോടി നേടി അഭിഷേകിന്‍റെ ഘൂമര്‍