കേരളം

kerala

ETV Bharat / bharat

ദേശീയ ജുഡീഷ്യൽ കമ്മിഷൻ ബിൽ രാജ്യസഭയിൽ ; എതിർത്ത് എഎപി - National Judicial Commission Bill rajyasabha

ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) മുഖേന ജഡ്ജിമാരെ നിയമിക്കുന്നതിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തണമെന്നാണ് ബില്‍ അവതരിപ്പിച്ചുകൊണ്ട് ബംഗാളിൽ നിന്നുള്ള സിപിഎം എംപി വാദിച്ചത്

National Judicial Commission Bill  Rajya Sabha AAP opposes njac bill  ജുഡീഷ്യൽ കമ്മിഷൻ മുഖേനെ നിയമിക്കാനുള്ള ബില്‍  എഎപി  ദേശീയ ജുഡീഷ്യൽ കമ്മിഷൻ
ദേശീയ ജുഡീഷ്യൽ കമ്മിഷൻ ബിൽ രാജ്യസഭയിൽ; എതിർത്ത് എഎപി

By

Published : Dec 9, 2022, 10:55 PM IST

Updated : Dec 10, 2022, 12:32 PM IST

ന്യൂഡൽഹി :ദേശീയ ജുഡീഷ്യൽ കമ്മിഷൻ മുഖേനയുള്ള ജഡ്‌ജിമാരുടെ നിയമനം നിയന്ത്രിക്കുന്നതിനുള്ള സ്വകാര്യ അംഗ ബിൽ (Private Member Bill) രാജ്യസഭയിൽ അവതരിപ്പിച്ച്‌ സിപിഎമ്മിന്‍റെ ബികാഷ് രഞ്ജൻ ഭട്ടാചാര്യ. ഭൂരിഭാഗം ശബ്‌ദ വോട്ടുകളും അനുകൂലമായതിനെ തുടർന്നാണ് സ്വകാര്യ ബിൽ സിപിഎം എംപി അവതരിപ്പിച്ചത്. അതേസമയം, ഈ ബില്ലിനെ ആംആദ്‌മി പാർട്ടി എംപി രാഘവ് ഛദ്ദ എതിർത്തു.

സുപ്രീം കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലേക്ക് ജഡ്‌ജിമാർ, ചീഫ് ജസ്റ്റിസുമാർ എന്നിവരെ നിയമിക്കാനുള്ള സമിതിയിലേക്ക് ആളുകളെ ശുപാർശ ചെയ്യുന്നതിൽ ദേശീയ ജുഡീഷ്യൽ കമ്മിഷൻ പിന്തുടരേണ്ട നടപടിക്രമങ്ങൾ നിയന്ത്രിക്കണമെന്നാണ് ബംഗാളിൽ നിന്നുമുള്ള സിപിഎം എംപിയുടെ ആവശ്യം.

ജഡ്‌ജിമാരുടെ സ്ഥലംമാറ്റങ്ങൾ നിയന്ത്രിക്കുക, മോശം പെരുമാറ്റമോ അനാസ്ഥയോ സംബന്ധിച്ച വ്യക്തിഗത പരാതികൾ അന്വേഷിക്കുന്നതിന് വിശ്വസനീയമായ സംവിധാനം സ്ഥാപിക്കുക. ഒരു ജഡ്‌ജിയെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ ആകസ്‌മികമായോ ഉള്ള വിഷയങ്ങളിൽ പാർലമെന്‍റ് രാഷ്ട്രപതിയെ സമീപിക്കുക എന്നീ കാര്യങ്ങള്‍ സിപിഎം എംപി ബില്ലിലൂടെ ആവശ്യപ്പെട്ടു. അതേസമയം, ഈ ബില്ലിനെ പാടെ എതിർത്താണ് ആം ആദ്‌മി പാർട്ടി അംഗം നിലപാടെടുത്തത്. ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (NJAC) കൊളീജിയത്തിന്‍റെ അധികാരം ഇല്ലാതാക്കുന്നതാണെന്നും സുപ്രീം കോടതി നേരത്തേ ഈ കമ്മിഷനെ തള്ളിക്കളഞ്ഞതാണെന്നും എഎപി എംപി ചൂണ്ടിക്കാട്ടി.

'ജഡ്‌ജിമാരുടെ നിയമന സംവിധാനമായ കൊളീജിയം നന്നായി പ്രവർത്തിക്കുന്നുണ്ട്. ജുഡീഷ്യറിയുമായുള്ള ചര്‍ച്ചയിലൂടെ സാധ്യമായ മെച്ചപ്പെടുത്തലുകള്‍ നമുക്ക് നോക്കാം. ജഡ്‌ജിമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാരിന് ഇടപെടാൻ ഒരു അവസരവും കൊടുക്കരുത്'. - എഎപി എംപി രാഘവ് ഛദ്ദ വാദിച്ചു.

ഇന്ത്യയിലെ ഉയർന്ന കോടതികളിലെ ജഡ്‌ജിമാരുടെ നിയമനത്തിന് ശുപാർശ ചെയ്യുന്ന സംവിധാനമാണ് കൊളീജിയം. ഇതിനുപകരം 2014 ഡിസംബർ 13ന് നിലവിൽ വന്നതാണ് ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ(എൻജെഎസി). 2015 ഒക്ടോബർ 16ന് സുപ്രീം കോടതി ഇത് ഭർണഘടനാവിരുദ്ധമാണെന്ന് വിധിച്ചിരുന്നു.

Last Updated : Dec 10, 2022, 12:32 PM IST

ABOUT THE AUTHOR

...view details