ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്നാഴ്‌ച സാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജൂണ്‍ എട്ടിന് ഡല്‍ഹിയിലെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ കൊവിഡ് ബാധിതയായ സോണിയ ഗാന്ധി ഇക്കാര്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
ജൂണ്‍ 2നാണ് സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ കൊവിഡ് മുക്തി നേടിയിട്ടില്ലെന്നും ഡോക്‌ടർമാർ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മൂന്നാഴ്‌ച സമയം തേടിയത്. ജൂൺ 2, ജൂൺ 7 തീയതികളിലെ മെഡിക്കൽ റിപ്പോർട്ടുകൾ ഇഡിക്ക് അയച്ചിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
കേസ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയില്‍: രാഹുല്‍ ഗാന്ധിയോട് ജൂണ്‍ 2ന് ഹാജരാകാനാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നതെങ്കിലും വിദേശത്താണെന്നത് പരിഗണിച്ച് ജൂണ്‍ 13ന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏപ്രിലില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാർജുന്‍ ഖാര്‍ഗെയെയും പവന്‍ ബന്‍സാലിനേയും ഇഡി ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്ന് ഇരുവരുടേയും മൊഴി കേന്ദ്ര ഏജന്‍സി രേഖപ്പെടുത്തി.