ന്യൂഡല്‍ഹി: അറുപത്തി ഒണ്‍പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ (National Film Awards) ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണിക്ക് ന്യൂഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ ജൂറി നടത്തുന്ന പത്ര സമ്മേളനത്തിലാണ് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമ ലോകം.
ഈ വർഷത്തെ മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരത്തിന് ആലിയ ഭട്ട് (Alia Bhatt), കങ്കണ റണാവത്ത് (Kangana Ranaut) എന്നിവരുടെ പേരുകളാണ് ഉയരുന്നത്. 'ഗംഗുഭായ് കത്യവാടി' (Gangubai Kathiawadi) എന്ന സിനിമയിലെ പ്രകടനത്തിലൂടെ ആലിയ ഭട്ടും, 'തലൈവി' (Thalaivi) എന്ന ചിത്രത്തിലൂടെയുമാണ് കങ്കണ റണാവത്തും പുരസ്‌കാര സാധ്യത പട്ടികയില്‍ ഇടം നേടിയത്.
മാധവന്‍, ജോജു ജോര്‍ജ്, ബിജു മേനോന്‍ എന്നിവരാണ് മികച്ച നടന്‍മാരുടെ പട്ടികയിലുള്ളത്. ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിത കഥ പറഞ്ഞ ആര്‍ മാധവന്‍റെ 'റോക്കട്രി: ദി നമ്പി ഇഫക്‌ട്' (Rocketry: The Nambi Effect) എന്ന സിനിമയിലൂടെയാണ് മാധവന്‍ മികച്ച നടനുള്ള പുരസ്‌കാര സാധ്യത പട്ടികയില്‍ ഇടംപിടിച്ചത്. 'നായാട്ട്' (Nayattu) എന്ന സിനിമയിലൂടെ ജോജു ജോര്‍ജും ആര്‍ക്കറിയാം എന്ന സിനിമയിലൂടെ ബിജു മേനോനും, വിവേക് അഗ്‌നിഹോത്രിയുടെ 'കശ്‌മീര്‍ ഫയല്‍സി'ലെ മികച്ച പ്രകടനത്തിലൂടെ അനുപം ഖേറിനും മികച്ച നടനുള്ള പുരസ്‌കാരത്തിന് സാധ്യതയുണ്ട്.
2021ല്‍ റിലീസായ ചിത്രങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 'മിന്നല്‍ മുരളി', 'നായാട്ട്', 'മേപ്പടിയാന്‍', 'ഹോം', 'ചവിട്ട്', 'ആവാസ വ്യൂഹം' തുടങ്ങി മലയാള ചിത്രങ്ങളും, 'റോക്കട്രി: ദി നമ്പി ഇഫക്‌ട്' എന്നിവയും പുരസ്‌കാരത്തിന് പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന. ടൊവിനോ തോമസ് നായകനായി എത്തിയ 'മിന്നല്‍ മുരളി' ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഏതാനും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.