ഗുരുതരമായ രോഗങ്ങളിലൊന്നാണ് ഡെങ്കിപ്പനി. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് ലോകമെമ്പാടും ഈ മാരകമായ രോഗം മൂലം മരണമടയുന്നത്. മിക്ക ഡെങ്കിപ്പനി കേസുകളും മഴക്കാലത്തിന്‍റെ ആരംഭഘട്ടത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നതാണ് വസ്‌തുത. ഈ കാലയളവിൽ മുൻകരുതലുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
ഈ രോഗത്തിന്‍റെ തീവ്രത കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കാറുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയയാണ് പ്രധാനമായും കൊതുകുകള്‍ പെറ്റുപെരുകുന്നത്. ജൂലൈ മുതൽ ഒക്‌ടോബർ വരെയാണ് ഇവയുടെ വളർച്ചയ്ക്ക് അനുകൂലമായ സമയം. ഇക്കാലയളവിലാണ് ഡെങ്കിപ്പനി വ്യാപകമായി പടരുന്നതും. ഈ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ സർക്കാർ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ശക്തിപ്പെടുത്തേണ്ടതുണ്ട്, അവബോധം:എല്ലാ വർഷവും മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് മെയ് 16നാണ് ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിക്കുന്നത്. ഈ മാരക രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യം. ഡെങ്കിപ്പനിയെക്കുറിച്ച് മുന്‍പുള്ളതിനേക്കാള്‍ കൂടുതൽ അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ടെന്നത് വസ്‌തുത. എന്നാൽ, രാജ്യത്തിന്‍റെ ഗ്രാമപ്രദേശങ്ങളിൽ ഇതേക്കുറിച്ചുള്ള അവബോധം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഈഡിസ് കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും ഏകദേശം 100 മുതല്‍ 400 ദശലക്ഷം ആളുകള്‍ക്കാണ് ഈ രോഗം ബാധിക്കുന്നത്. ഈ രോഗബാധയെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടതും. 2022ലെ ദേശീയ ഡെങ്കിപ്പനി ദിനത്തിലെ മുദ്രാവാക്യം, 'സുരക്ഷിതരായിരിക്കുക, ഡെങ്കിപ്പനിക്കെതിരെ പോരാടുക' എന്നതായിരുന്നു. ഇത്തവണ അത് 'ഡെങ്കിക്കെതിരെ പോരാടുക, ജീവൻ രക്ഷിക്കുക', എന്നതാണ്.