ഭിൽവാര (രാജസ്ഥാൻ): കടം തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തില്‍ പെൺകുട്ടികളെ നല്‍കാന്‍ ആവശ്യപ്പെടുകയും 500 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ ഉപാധിയാക്കി പെണ്‍കുട്ടികളെ ലേലം ചെയ്യുകയും ചെയ്‌ത സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) രാജസ്ഥാൻ സർക്കാരിന് നോട്ടിസ് അയച്ചതിന് പിന്നാലെ ദേശീയ വനിത കമ്മിഷനും നടപടി സ്വീകരിച്ചു.
'മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് 500 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ ഉപാധിയാക്കി പെൺകുട്ടികളെ ലേലം ചെയ്‌തു എന്ന് ഞാൻ അറിഞ്ഞത്. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. ഈ വിഷയത്തിൽ ഞങ്ങൾ വേഗത്തിലുള്ള നടപടി ഉറപ്പാക്കുകയും പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുകയും ചെയ്യും. കുറ്റവാളികൾ രക്ഷപ്പെടില്ല', സംഭവത്തില്‍ രാജസ്ഥാൻ സംസ്ഥാന വനിത കമ്മിഷൻ ചെയർപേഴ്‌സൺ രഹന റിയാസ് പ്രതികരിച്ചത് ഇങ്ങനെയാണ്.
'വളരെ ആഘാതകരമായ കുറ്റകൃത്യത്തെ കമ്മിഷൻ തിരിച്ചറിഞ്ഞു. മൂന്ന് ദിവസത്തിനകം വസ്‌തുതാപരമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഡിജിപിക്കും ഭിൽവാര കലക്‌ടർക്കും കമ്മിഷൻ നോട്ടിസ് അയച്ചിട്ടുണ്ട്', സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്‌സൺ സംഗീത ബെനിവാൾ പറഞ്ഞു. ഡിജിപിക്ക് നോട്ടിസ് നൽകുന്നതിന് മുമ്പ് എൻഎച്ച്ആർസി ആദ്യം രാജസ്ഥാൻ പൊലീസുമായി സംസാരിക്കേണ്ടതായിരുന്നു. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും അന്വേഷണം നടക്കുന്നതുവരെ തങ്ങൾക്ക് സത്യം അറിയാൻ കഴിയില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ നോട്ടിസിന് മറുപടിയായി മന്ത്രി പ്രതാപ് സിങ് പ്രതാപ് സിംഗ് ഖാചാരിയവാസ് പറഞ്ഞു.