ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച് കോഴിക്കോട് സെഷൻസ് കോടതിയുടെ നിരീക്ഷണങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ദേശീയ വനിത കമ്മിഷന്‍. ഇത്തരമൊരു ഉത്തരവിന്‍റെ അനന്തര ഫലങ്ങള്‍ കോടതി അവഗണിച്ചതായും ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ ട്വിറ്ററില്‍ കുറിച്ചു. എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ യുവതി നല്‍കിയ പീഡന പരാതിയിലാണ് കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്രമായ ഉത്തരവ്.
യുവതിയുടെ വസ്ത്രധാരണം ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതായിരുന്നു എന്നാണ് കോടതിയുടെ നിരീക്ഷണം. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച വിധി പകർപ്പിലാണ് ജഡ്‌ജി എസ് കൃഷ്‌ണകുമാർ വിചിത്ര വിധി പ്രസ്‌താവിച്ചത്. യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ 354 എ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.