മുംബൈ :മഹാരാഷ്‌ട്രയിലെ നാസിക്, അണക്കെട്ടുകളുടെ ജില്ലയാണെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍, ജില്ലയുടെ തൊണ്ട വരണ്ടുണങ്ങിയ സ്ഥിതിയാണ് നിലവില്‍. ഗ്രാമപ്രദേശങ്ങളിലെ സ്‌ത്രീകള്‍ കുടിവെള്ളത്തിനായി ജീവന്‍ പണയപ്പെടുത്തേണ്ടുന്ന അവസ്ഥയിലാണ്.
ജലക്ഷാമം രൂക്ഷമായ ത്രയംബകേശ്വറിലെ മേട്ഘർ കോട്ടയ്‌ക്ക് സമീപമുള്ള പ്രദേശത്തെ സ്‌ത്രീകള്‍ പാത്രവുമായി വെള്ളം ശേഖരിക്കാന്‍ ആഴമുള്ള കിണറിലിറങ്ങുന്നു. ഈ കാഴ്‌ച ആരിലും നടുക്കം സൃഷ്‌ടിക്കുന്നതാണ്. ജില്ലയിലെ പല ഗ്രാമപ്രദേശങ്ങളിലും സമാന പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
ജീവന്‍ പണയംവച്ച് കിണറ്റിലിറങ്ങി വെള്ളമെടുത്ത് മഹാരാഷ്‌ട്രയിലെ സ്‌ത്രീകള്‍ കിണറ്റിലിറങ്ങുന്ന സമയം കാൽ വഴുതി മരണം സംഭവിക്കാനുള്ള സാധ്യതയെ പോലും തള്ളിയാണ് സ്‌ത്രീകളുടെ സാഹസികത. ജലദൗര്‍ലഭ്യത്തെക്കുറിച്ചുള്ള ദുരിതം പലവട്ടം തങ്ങള്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു. പക്ഷേ, അവര്‍ വാക്കുകള്‍ ചെവിക്കൊള്ളാന്‍ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികളായ സ്‌ത്രീകള്‍ പറയുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്‌ട്രീയ നേതാക്കള്‍ ധാരാളം വാഗ്‌ദാനങ്ങള്‍ നല്‍കാറുണ്ട്. എന്നാൽ, അവയൊന്നും നടപ്പിലാക്കുന്നില്ലെന്ന് മാത്രമല്ല ഈ പ്രതിസന്ധി ഘട്ടത്തില്‍ തിരിഞ്ഞുനോക്കാന്‍ പോലും അവര്‍ തയ്യാറാകുന്നില്ലെന്നും സ്‌ത്രീകള്‍ പറയുന്നു.