ന്യൂഡൽഹി : ഇന്ത്യൻ ജനാധിപത്യത്തിന് നവചരിത്രമെഴുതി പുതിയ പാർലമെന്‍റ് മന്ദിരം. പഴയ പാർലമെന്‍റ് മന്ദിരത്തില്‍ നടന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ( Prime Minister Narendra Modi) നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരും എംപിമാരും പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് നടന്നെത്തുകയായിരുന്നു.
പഴയ പാർലമെന്‍റ് മന്ദിരം ഇനി സംവിധാൻ സദൻ എന്നറിയപ്പെടുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ശേഷം പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ ലോക്‌സഭ സമ്മേളന നടപടികൾ ആരംഭിച്ചു. വനിത സംവരണ ബില്‍ അവതരിപ്പിച്ചായിരുന്നു പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ നടപടി ആരംഭിച്ചത്. കേന്ദ്രമന്ത്രി അർജുൻ മേഘ്‌വാളാണ് ബിൽ അവതരിപ്പിച്ചത്.
'നാരി ശക്തി വന്ദൻ അധിനിയം' (Nari Shakti Vandan Adhiniyam) എന്നാണ് ബില്ലിന് പേര് നൽകിയിരിക്കുന്നത്. 'നാരി ശക്തി വന്ദൻ അധിനിയം' കൂടുതൽ സ്‌ത്രീകൾ പാർലമെന്‍റിലും അസംബ്ലികളിലും അംഗങ്ങളാകുമെന്ന് ഉറപ്പാക്കുമെന്ന് വനിത സംവരണ ബില്ലിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ സമ്മേളനം ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്താൻ പോവുകയാണെന്ന് ചൊവ്വാഴ്‌ച (സെപ്റ്റംബർ 19) പുതിയ പാർലമെന്‍റിലെ, ലോക്‌സഭയിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
നാരി ശക്തി വന്ദൻ അധിനിയത്തിൽ രാജ്യത്തെ സ്‌ത്രീകളെ അഭിനന്ദിച്ച മോദി ഈ ബിൽ ഏകകണ്‌ഠമായി പാസാക്കണമെന്ന് എല്ലാ എംപിമാരോടും അഭ്യർഥിച്ചു. അടൽ ബിഹാരി വാജ്‌പേയി സർക്കാരിന് വനിത സംവരണ ബിൽ പാസാക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
നയരൂപീകരണത്തിൽ കൂടുതൽ സ്‌ത്രീകളുടെ സംഭാവനകൾ പ്രതീക്ഷിക്കുന്നതായി പാർലമെന്‍റിനെ അറിയിച്ച അദ്ദേഹം സ്‌ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. മുദ്ര ലോൺ, പിഎം ആവാസ് യോജന തുടങ്ങിയ പദ്ധതികളിൽ നിന്ന് രാജ്യത്തെ സ്‌ത്രീകൾക്ക് എങ്ങനെ പ്രയോജനം ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയമില്ലെന്നും രാഷ്‌ട്രം അതിന്‍റെ ശരിയായ ലക്ഷ്യത്തിലെത്താൻ വലിയ ക്യാൻവാസിലേക്ക് നീങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച പറഞ്ഞു. ഇന്ത്യൻ പാർലമെന്‍റിന്‍റെ സമ്പന്നമായ പാരമ്പര്യത്തെ അനുസ്‌മരിച്ച് പഴയ പാർലമെന്‍റ് മന്ദിരത്തിലെ ചരിത്ര പ്രസിദ്ധമായ സെൻട്രൽ ഹാളിൽ എംപിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ആയിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
'ആത്മനിർഭർ ഭാരത്' (സ്വയം ആശ്രയം) എന്ന നമ്മുടെ ആശയം കൈവരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള നിശ്ചയദാർഢ്യത്തോടെയാണ് നമ്മൾ പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതേസമയം വനിതകൾക്ക് ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് വനിത സംവരണ ബിൽ. 128-ാം ഭേദഗതി ബിൽ 2023 പറയുന്നത് ഇപ്രകാരമാണ്: 'ജനങ്ങളുടെ സഭയിൽ സ്‌ത്രീകൾക്കായി സീറ്റുകൾ സംവരണം ചെയ്യണം. ആർട്ടിക്കിൾ 330-ലെ ക്ലോസ് (2) പ്രകാരം സംവരണം ചെയ്‌തിട്ടുള്ള ആകെ സീറ്റുകളുടെ മൂന്നിലൊന്ന് പട്ടികജാതി അല്ലെങ്കിൽ പട്ടിക വർഗത്തിൽപ്പെട്ട സ്‌ത്രീകൾക്കായി സംവരണം ചെയ്‌തിരിക്കണം.
ലോക്‌സഭയിലേക്ക് നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തപ്പെടുന്ന ആകെ സീറ്റുകളുടെ മൂന്നിലൊന്ന് (പട്ടികജാതി - പട്ടിക വർഗത്തിൽപ്പെട്ട സ്‌ത്രീകൾക്കായി സംവരണം ചെയ്‌ത സീറ്റുകളുടെ എണ്ണം ഉൾപ്പെടെ) സ്‌ത്രീകൾക്കായി സംവരണം ചെയ്യണം' - ബിൽ പറയുന്നു.
2010ൽ മൻമോഹൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ തയ്യാറാക്കിയ വനിത സംവരണ ബില്ലിന് സമാനമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നതും. ആംഗ്ലോ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് സംവരണം ഉൾപ്പെടുത്താനുള്ള രണ്ട് ആർട്ടിക്കിളുകളിലെ ഭേദഗതി മാത്രമാണ് പുതിയ പതിപ്പിൽ ഒഴിവാക്കിയത്.
മൂന്ന് പതിറ്റാണ്ട് നീണ്ട സ്‌തംഭനത്തിനും ഭിന്നതയ്‌ക്കും ശേഷമാണ് വനിത സംവരണ ബിൽ ഇന്ന് പാർലമെന്‍റിൽ അവതരിപ്പിക്കപ്പെട്ടത്. എന്നിരുന്നാലും, പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും സ്‌ത്രീകൾക്കുള്ള 33 ശതമാനം സംവരണം, നിർദിഷ്‌ട നിയമം വാഗ്‌ദാനം ചെയ്യുന്നതുപോലെ, 2029-ൽ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ.