ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭയിൽ മഹത് വ്യക്തികളുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ എംഎൽഎമാരുടെ സമിതി രൂപീകരിക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്‌പീക്കർ നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിന്‍റെ ചിത്രം നീക്കം ചെയ്‌തതിനെതിരെ പ്രതിഷേധം ഉയർന്നതിനാലാണ് പുതിയ നീക്കം.
സ്‌പീക്കറുടെ കസേരയുടെ പിന്നിലെ ചുമരിലായിരുന്നു നെഹ്‌റുവിന്‍റെ ചിത്രം സ്ഥാപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ജൂലൈയിൽ നെഹ്‌റുവിന്‍റെ ചിത്രം മാറ്റി ഭരണഘടനാ ശിൽപി ബി ആർ അംബേദ്‌കറുടെ ചിത്രം ഇതേ സ്ഥലത്ത് സ്ഥാപിയ്‌ക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് ഉമംഗ് സിംഗ്ഹാറും മറ്റ് കോൺഗ്രസ് എംഎൽഎമാരും നിയമസഭയിൽ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിനായി സമിതി രൂപീകരിക്കുമെന്ന് നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
മധ്യപ്രദേശിലെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്‌ചയാണ് നടന്നത്. രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റുവിന്‍റെ ചിത്രം പുനഃസ്ഥാപിക്കണമെന്ന് സിംഗ്ഹാർ ആവശ്യപ്പെട്ടു. ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്‍റെ ചിത്രവും സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തിൽ ആവശ്യമായ നിലപാടുകൾ കൈക്കൊള്ളുന്നതിനായി സ്‌പീക്കർ നിയമസഭാംഗങ്ങളുടെ ഒരു സമിതിയെ നിയമിച്ച് അതിന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ബിജെപി എംഎൽഎ കൈലാഷ് വിജയവർഗിയ പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഗവർണറുടെ പ്രസംഗം നടക്കുന്നതിന് ശേഷമുള്ള ദിവസം വരെ സഭയിൽ മറ്റ് വിഷയങ്ങളൊന്നും ഉന്നയിക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ പ്രതിപക്ഷത്തിന് നാളെ നിയമ സഭയിൽ വിഷയം വീണ്ടും ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.