ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലായ വിഷയങ്ങളില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''കർഷകർക്കുവേണ്ടിയാണ് മൂന്ന് നിയമങ്ങൾ കൊണ്ടുവന്നതെങ്കിലും രാജ്യ താത്‌പര്യം മുന്‍നിര്‍ത്തി പിന്‍വലിച്ചു''. താന്‍ കർഷകരുടെ ഹൃദയം കീഴടക്കാനുള്ള യാത്രയിലാണെന്നും മോദി ബുധനാഴ്ച വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
'കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ ഇപ്പോള്‍ വിശദീകരണമില്ല'
കർഷകരുടെ വേദന മനസിലാക്കുന്നു. അവരുടെ ഹൃദയം കീഴടക്കാൻ താൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. കർഷകർക്കുവേണ്ടിയാണ് മൂന്ന് നിയമങ്ങൾ കൊണ്ടുവന്നതെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. രാജ്യതാൽപ്പര്യം കണക്കിലെടുത്ത് പിൻവലിച്ച സംഭവം ഇപ്പോള്‍ വിശദീകരിക്കേണ്ടതില്ലെന്ന് താന്‍ കരുതുന്നു.
ഈ നടപടികൾ ആവശ്യമായിരുന്നുവെന്ന് ഭാവി സംഭവങ്ങൾ വ്യക്തമാക്കും. താൻ എല്ലായ്‌പ്പോഴും കർഷകരുടെ പ്രയോജനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. അവർ എല്ലായ്‌പ്പോഴും തന്നെ പിന്തുണച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള കർഷകരുടെ ഹൃദയം താന്‍ കീഴടക്കിയെന്നും എ.എന്‍.ഐ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.