ന്യൂഡൽഹി: ഇന്ത്യ പറയുന്നത് കേൾക്കാൻ ലോകം കാതോർക്കുന്നെന്ന് നരേന്ദ്ര മോദി.താൻ സംസാരിക്കുന്നത് 140 കോടി ഇന്ത്യക്കാരുടെ മനസെന്ന് പറഞ്ഞ നരേന്ദ്ര മോദി ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച് ലോകത്തോട് സംസാരിക്കുന്നതിൽ നിന്ന് താൻ ഒരിക്കലും ഒഴിഞ്ഞുമാറാറില്ലെന്നും എന്നാൽ കൊളോണിയൽ കാലം മുതൽ നിലനിന്നിരുന്ന അടിമത്ത മാനസികാവസ്ഥയിൽ നിന്ന് രാജ്യം മുക്തമായെന്നും പറഞ്ഞു. ത്രിരാഷ്‌ട്ര സന്ദർശനത്തിന്‍റെ ഭാഗമായി സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയിൽ നടന്ന കമ്മ്യൂണിറ്റി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജനങ്ങൾ തന്നെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചതിനാൽ 140 കോടി ഇന്ത്യക്കാരുടെ മനസ്സാണ് ഞാനിപ്പോൾ സംസാരിക്കുന്നത്. ഇന്ന് ഇന്ത്യ പറയാൻ ആഗ്രഹിക്കുന്നത് കേൾക്കാൻ ലോകം ആകാംക്ഷയോടെ കാതോർക്കുന്നു. അടുത്തിടെ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ തീർഥാടന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സംസാരിക്കവെ, അത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് താൻ ഊന്നിപ്പറയുമ്പോൾ ലോകം തന്നോട് യോജിക്കുന്നു.
'കൊവിഡ്-19 വാക്‌സിനുകൾ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിന്‍റെ ശ്രമമായിരുന്നു വാക്‌സിൻ മൈത്രി. ഇതിന്‍റെ വിജയം പലർക്കും സംശയമുണ്ടായിരുന്നു. ഇന്ത്യ ബുദ്ധന്‍റെയും ഗാന്ധിജിയുടെയും നാടാണ്, ശത്രുക്കളെപ്പോലും രാജ്യം കരുതുന്നുണ്ട്. ഇന്ത്യയുടെ വാക്‌സിനുകളോട് ലോകത്തിന് ഇന്ന് നന്ദിയുണ്ട്,' മോദി തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. സിഡ്‌നിയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് പുറമെ മുൻ പ്രധാനമന്ത്രിമാരും പ്രതിപക്ഷ പാർട്ടികളിലെ എംപിമാരും ഭരണകക്ഷി എംപിമാരും പങ്കെടുത്തു.