ന്യൂഡൽഹി: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിൽ ബഹുവർണ രാജസ്ഥാനി തലപ്പാവ് അണിഞ്ഞെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വൈവിധ്യത്തെ പ്രതീകപ്പെടുത്തുന്നതിനായാണ് ഇത്തരത്തിൽ തലപ്പാവ് തെരഞ്ഞെടുത്തത്. റിപ്പബ്ലിക് ദിന പരേഡിന് മുമ്പ്, പ്രധാനമന്ത്രി ദേശീയ യുദ്ധ സ്‌മാരകത്തിൽ എത്തിയപ്പോഴാണ് അദ്ദേഹം തന്‍റെ റിപ്പബ്ലിക് ദിനത്തിലെ വേഷത്തിന്‍റെ ഫസ്‌റ്റ് ലുക്ക് വെളിപ്പെടുത്തിയത്.
തലപ്പാവിനൊപ്പം വെള്ള പാന്‍റും വെള്ള കുർത്തയും അതിനുമുകളിൽ കറുത്ത കോട്ടുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം. ദേശീയ യുദ്ധസ്‌മാരകത്തിൽ പ്രധാനമന്ത്രി മോദി പുഷ്‌പചക്രം അർപ്പിച്ച് വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്‌ജലി അർപ്പിക്കുന്ന ചടങ്ങോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായത്. ശേഷം റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയും മറ്റു വിശിഷ്‌ട വ്യക്തികളും കർത്തവ്യപഥിലെ സല്യൂട്ട് ഡയസിലെത്തി.