ന്യൂഡൽഹി :പ്രതിപക്ഷ കൂട്ടായ്‌മയായ 'ഇന്ത്യ'ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയും, രാജവാഴ്‌ചയും, പ്രീണനവും ഇന്ത്യ വിടണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ മോദി പ്രതിപക്ഷ പാർട്ടികളിലെ ഒരു വിഭാഗം സ്വയം പ്രവർത്തിക്കുകയോ മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി. കേരളത്തിലെ അഞ്ചെണ്ണം ഉള്‍പ്പടെ രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് തറക്കല്ലിടുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ക്വിറ്റ് ഇന്ത്യ സമരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അഴിമതിയും രാജവാഴ്‌ചയും പ്രീണനവും ഇന്ത്യ വിടണമെന്ന ഒറ്റ പ്രതിധ്വനി മാത്രമേ രാജ്യത്തിനുള്ളൂ. തങ്ങൾ രാജ്യത്തിനായി ഒരിക്കലും പ്രവർത്തിക്കില്ല എന്ന തത്വം ഉൾക്കൊണ്ടുകൊണ്ടാണ് പ്രതിപക്ഷത്തിന്‍റെ ഒരു വിഭാഗം പ്രവർത്തിക്കുന്നത്. കൂടാതെ അവർ മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നുമില്ല- മോദി പറഞ്ഞു.
സർദാർ വല്ലഭായ് പട്ടേലിന്‍റെ 'സ്റ്റാച്യു ഓഫ് യൂണിറ്റി' സന്ദർശിക്കാത്ത പ്രതിപക്ഷ നേതാക്കളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പുതിയ പാർലമെന്‍റ് മന്ദിരം, പുനർവികസിപ്പിച്ച കർത്തവ്യ പാത തുടങ്ങി എല്ലാത്തിനേയും പ്രതിപക്ഷം എതിർത്തു. 70 വർഷമായി അവർ രാജ്യത്തെ ധീരൻമാർക്ക് വേണ്ടി ഒരു യുദ്ധസ്‌മാരകം പോലും നിർമ്മിച്ചിട്ടില്ല.
ഇപ്പോൾ ഞങ്ങൾ അത് നിർമ്മിച്ചപ്പോൾ അതിനെ വിമർശിക്കാൻ അവർക്ക് നാണമില്ലേ? സർദാർ വല്ലഭായ് പട്ടേലിന്‍റെ ഏകതാ പ്രതിമയിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കണം. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണത്. എന്നാൽ ചില രാഷ്‌ട്രീയ പാർട്ടി നേതാക്കൾ ഇതുവരെ പ്രതിമ സന്ദർശിച്ചിട്ടില്ല - മോദി പറഞ്ഞു.