ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദില്‍ പത്താം ക്ലാസുകാരിയെ മുഖത്ത് മയക്കുമരുന്നടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഓൾഡ് സിറ്റിയിലെ ബന്ദ്ലഗുഡ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. പഴയ നഗരത്തിന്‍റെ പ്രാന്തപ്രദേശമായ പീലിദർഗയ്ക്ക് സമീപം എറകുണ്ട ഭാഗത്ത് താമസിക്കുന്ന 16 കാരിയെയാണ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവേ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ചാന്ദ്രയാനഗുട്ട താണയുടെ പുറകിലുള്ള തെരുവില്‍ കുട്ടി ദിവസവും ട്യൂഷനു പോകുമായിരുന്നു. തിങ്കളാഴ്‌ച രാത്രി 9.10 ഓടെ ട്യൂഷൻ പൂർത്തിയാക്കി വീട്ടിലേക്ക് പോകാന്‍ കയറിയ ഓട്ടോറിക്ഷയിലെ ഡ്രൈവറാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന് പിന്നില്‍. ഇയാള്‍ കുട്ടിയുടെ മുഖത്ത് രാസവസ്‌തു തളിച്ച് ബോധരഹിതയാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മതാചാരപ്രകാരം മുഖം മറയ്‌ക്കാന്‍ ധരിച്ചിരുന്ന നിഖാബ്, രാസവസ്‌തു മുഖത്ത് വീഴുന്നത് തടയുകയായിരുന്നു.
നിഖാബ് ധരിച്ചിരുന്നെങ്കിലും അല്‍പ നിമിഷത്തേക്ക് മയക്കം അനുഭവപ്പെട്ടതിന് പിന്നാലെ സ്വബോധം വീണ്ടെടുത്ത കുട്ടി ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങുകയായിരുന്നു. കുട്ടി ചാടിയിറങ്ങിയതിനുപിന്നാലെ ഡ്രൈവർ രക്ഷപ്പെട്ടു. ഭയന്ന പെൺകുട്ടി കാൽനടയായി വീട്ടിലെത്തി. തുടര്‍ന്ന് പിതാവുമൊത്ത് ബന്ദ്ലഗുഡ പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. കുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊർജ്ജിതമാക്കി.
Also Read:'നേരിട്ടത് ക്രൂര മര്‍ദനം, ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി' ; ബന്ധു തട്ടിക്കൊണ്ടുപോയ ഡെന്‍റല്‍ വിദ്യാര്‍ഥിനി പറയുന്നു
ഡ്രൈവറുടെ കൈയിൽ ഒരു ടാറ്റൂവും മുഖത്ത് മാസ്‌കും ഉണ്ടായിരുന്നെന്ന് പെൺകുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. എന്നാല്‍ എവിടെവച്ചാണ് ഓട്ടോയിൽ നിന്ന് ചാടിയതെന്ന് കുട്ടിക്ക് കൃത്യമായി പറയാനാകുന്നില്ല. അതിനാൽ ഓട്ടോ ഡ്രൈവർ ഏത് വഴിയിലൂടെയാണ് പോയതെന്ന് കണ്ടെത്തുക ദുഷ്‌കരമാണെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം വിപുലപ്പെടുത്തുകയാണ് പൊലീസ്.