തെലുഗു സൂപ്പര്‍ താരം നാനിയുടേതായി (Nani s latest film Hi Nanna) ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ഹായ് നാണ്ണാ' (Hi Nanna). നവാഗതനായ ശൗര്യവ് സംവിധാനം ചെയ്‌ത ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ മികച്ച രീതിയില്‍ മുന്നേറുകയാണ്.
അമേരിക്കയിൽ 'ഹായ് നാണ്ണാ' ഇതിനോടകം തന്നെ ഒരു മില്യൺ ഡോളർ പിന്നിട്ടു കഴിഞ്ഞു. ഡിസംബര്‍ 7ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകരും കാഴ്‌ചക്കാരും മാത്രമല്ല, തെലുഗു സൂപ്പർ സ്‌റ്റാർ അല്ലു അർജുനും ചിത്രം കണ്ട ശേഷം 'ഹായ് നാണ്ണാ'യെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് (Allu Arjun praises Hi Nanna).
ദേശീയ അവാർഡ് ജേതാവ് അല്ലു അർജുൻ സോഷ്യൽ മീഡിയയിലൂടെയാണ് തന്‍റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. 'ഹായ് നാണ്ണായുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. എന്തൊരു മധുരമുള്ള, ഹൃദയ സ്‌പര്‍ശിയായ സിനിമ. ശരിക്കും സ്‌പര്‍ശിക്കുന്നു. സഹോദരൻ നാനി ഗാരുവിന്‍റെ (Nani) പ്രകടനം ഗംഭീരമായിരുന്നു. ഇത്തരമൊരു ആകർഷകമായ തിരക്കഥയ്ക്ക് പച്ചക്കൊടി കാട്ടിയതിനും വെളിച്ചത്ത് കൊണ്ടു വന്നതിനും എന്‍റെ ആദരവ്.' -അല്ലു അര്‍ജുന്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.
മൃണാൽ താക്കൂറിനെയും (Mrunal Thakur) സിനിമയിലെ ബാല താരം കിയാരയെയും അല്ലും അര്‍ജുന്‍ അഭിനന്ദിച്ചു. 'പ്രിയപ്പെട്ട മൃണാൽ താക്കൂർ, സ്‌ക്രീനിലെ നിങ്ങളുടെ പ്രസന്‍സ് വേട്ടയാടുന്നു, ഇത് നിങ്ങളെ പോലെ തന്നെ മനോഹരമാണ്. ബേബി കിയാര, എന്‍റെ പ്രിയേ, നിന്‍റെ ക്യൂട്ട്നെസ് കൊണ്ട് നീ ഹൃദയങ്ങളെ ഉരുക്കുന്നു. മതി! ഇനി ഇപ്പോള്‍ തന്നെ സ്‌കൂളിൽ പോകൂ.' -അല്ലു അര്‍ജുന്‍ കുറിച്ചു.