ബെംഗളൂരു : കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍റെ മുന്‍നിര ബ്രാന്‍ഡ് ആയ നന്ദിനിയെ പ്രമോട്ട് ചെയ്‌ത് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നന്ദിനി ബ്രാന്‍ഡിന്‍റെ ഐസ്‌ക്രീം വാങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. 'കര്‍ണാടകയുടെ അഭിമാനം, നന്ദിനിയാണ് ഏറ്റവും മികച്ചത്', എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസ് നേതാവ് ചിത്രം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
കര്‍ണാടകയില്‍ നന്ദിനി, അമുല്‍ ബ്രാന്‍ഡുകള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രാഷ്‌ട്രീയ പോരാട്ടം നടക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡി കെ ശിവകുമാര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നന്ദിനി സ്റ്റോറില്‍ നിന്ന് ഐസ്‌ക്രീം വാങ്ങിയത്.
കര്‍ണാടകയില്‍ അമുല്‍ ഉത്‌പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള ബിജെപി നീക്കത്തെ തുടര്‍ന്നാണ് നന്ദിനിയെ ചൊല്ലി വിവാദം ഉടലെടുത്തത്. പ്രാദേശിക ബ്രാന്‍ഡായ നന്ദിനിയേയും ഗുജറാത്ത് കമ്പനിയായ അമുലിനെയും ലയിപ്പിക്കുമെന്ന തരത്തിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനമാണ് കര്‍ണാടകയില്‍ പ്രതിഷേധത്തിന് തിരി കൊളുത്തിയത്.
പ്രതിഷേധത്തിന്‍റെ ഭാഗമായി 'സേവ് നന്ദിനി, ഗോ ബാക്ക് അമുല്‍' ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കര്‍ണാടകയില്‍ അമുലിന് വിപണി ഒരുക്കി നന്ദിനിയെ ഇല്ലാതാക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസും ജെഡിഎസും ആരോപിച്ചു.
അതേസമയം അമുല്‍ ബ്രാന്‍ഡില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. 'അമുലില്‍ ആശങ്ക വേണ്ട. നന്ദിനി ബ്രാന്‍ഡിനെ കൂടുതല്‍ മത്സരാധിഷ്‌ഠിതമാക്കാന്‍ നടപടി സ്വീകരിക്കും. നന്ദിനിയെ രാജ്യത്തെ ഒന്നാം നമ്പര്‍ ബ്രാന്‍ഡ് ആക്കി മാറ്റും' - ബസവരാജ് ബൊമ്മൈ വിവാദത്തിനിടെ വിശദീകരിച്ചു.