ഹൈദരാബാദ് :സെല്‍ഫിയെടുക്കാനെത്തിയ ആരാധകനെ തല്ലി ബോളിവുഡ് താരം നാനാ പടേക്കര്‍. വാരാണസിയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം. 'ജേര്‍ണി' എന്ന സിനിമ സെറ്റില്‍ ടേക്കിനിടെയാണ് ആരാധകന്‍ ഫോണുമായി താരത്തിന് അടുത്തെത്തിയത്. ഇതോടെ അപ്രതീക്ഷിതമായി താരം അടിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സെറ്റിലുണ്ടായിരുന്നവരും കാഴ്‌ചക്കാരുമെല്ലാം അമ്പരന്നു. ഇതോടെ നാനയ്‌ക്കൊപ്പമുണ്ടായിരുന്ന സംഘത്തിലെ ഒരാള്‍ യുവാവിനെ അവിടെ നിന്നും മാറ്റുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആരാധകരുടെയും നെറ്റിസണ്‍സിന്‍റെയും കമന്‍റുകളുടെ പെരുമഴയാണ്.
നിരവധി പേര്‍ യുവാവിനെ പിന്തുണച്ചും മറ്റ് ചിലര്‍ താരത്തെ പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ കമന്‍റുകളിട്ടു. സിനിമ ചിത്രീകരണത്തിനിടെ ആരാധകന്‍ സെല്‍ഫിയെടുക്കാനെത്തിയതിനെ നിരവധി പേര്‍ വിമര്‍ശിച്ചു. സെല്‍ഫിയെടുക്കാന്‍ ആരാധകന്‍ ഷോട്ട് കഴിയും വരെ കാത്തിരിക്കണമായിരുന്നുവെന്നും ചില നെറ്റിസണ്‍സ് പറയുന്നു.