ന്യൂയോർക്ക് :രാജ്യത്തിന്‍റെ പേര് ഭാരതമെന്നാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ യുഎന്നില്‍ ഇന്ത്യയെ ഭാരതമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. ചൊവ്വാഴ്‌ച യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് എസ് ജയ്‌ശങ്കര്‍ തന്‍റെ പ്രസംഗത്തില്‍ ഭാരതമെന്ന് ആവര്‍ത്തിച്ച് ഉപയോഗിച്ചത് (Namaste From Bharat- EAM S Jaishankars UNGA Address Began With Bharat). 'നമസ്‌തേ ഫ്രം ഭാരത്' എന്ന അഭിസംബോധനയോടെയാണ് അദ്ദേഹം തന്‍റെ പ്രസംഗം ആരംഭിച്ചത്. 'ഇന്ത്യ, അതാണ് ഭാരത്' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ജയ്‌ശങ്കർ യുഎൻ ജനറൽ അസംബ്ലിയിലെ തന്‍റെ 17 മിനിറ്റ് പ്രസംഗം ആരംഭിച്ചത് ഇങ്ങനെയാണ്: "മിസ്റ്റർ പ്രസിഡന്‍റ്, മറ്റ് ശ്രേഷ്ഠ വ്യക്തികളേ, ജനറൽ അസംബ്ലിയിലെ വിശിഷ്ട അംഗങ്ങളേ, നമസ്‌തേ ഫ്രം ഭാരത് (ഭാരതത്തിന്‍റെ നമസ്‌കാരം) !" ജയ്‌ശങ്കർ തന്‍റെ പ്രസംഗത്തിൽ നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചെങ്കിലും അദ്ദേഹം പറഞ്ഞതിന്‍റെ കാതൽ ഇന്ത്യ എങ്ങനെയാണ് വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ഒരു മുൻനിര ശക്തിയാകാൻ ആഗ്രഹിക്കുന്നത് എന്നതായിരുന്നു.