നാഗ്‌പൂര്‍:മകന്‍റെ പരാതിയില്‍, കുഞ്ഞിനെ മൂന്ന് ലക്ഷം നല്‍കി വാങ്ങിയ അധ്യാപികയടക്കം നാല് പേര്‍ പൊലീസിന്‍റെ പിടിയില്‍. വാർധക്യത്തിൽ കൈത്താങ്ങാവുമെന്ന ഉദ്ദേശത്തില്‍ അധ്യാപിക പണം നല്‍കി കുഞ്ഞിനെ വാങ്ങിയതില്‍ മകന്‍റെ, മനുഷ്യക്കടത്ത് ആരോപണമാണ് അറസ്‌റ്റിലേക്ക് നയിച്ചത്. രണ്ട് നഴ്‌സുമാര്‍, ബ്രോക്കർ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
സംഭവത്തെക്കുറിച്ച് പൊലീസ്:ഭര്‍ത്താവ് രണ്ട് ആണ്‍മക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ നാല് അംഗങ്ങളാണ് അധ്യാപികയുടെ കുടുംബത്തിലുള്ളത്. അതില്‍, മൂത്തമകൻ മദ്യത്തിന് അടിമയാണ്. കുറച്ച് വർഷങ്ങൾക്ക് മുന്‍പ് ഇളയ മകന്‍ ആത്മഹത്യ ചെയ്‌തു. മദ്യപാനിയായ മകന്‍, വാര്‍ധക്യത്തില്‍ തന്നെ നോക്കില്ലെന്ന് കരുതി കുഞ്ഞിനെ ദത്തെടുക്കാന്‍ അധ്യാപിക ശ്രമം നടത്തി.
ഇതില്‍ പരാജയപ്പെട്ടതോടെ ടെസ്റ്റ് ട്യൂബ് ശിശുവിനായി ശ്രമിച്ചു. ഇതും പരാജയപ്പെട്ടതോടെയാണ് ഇവര്‍ കുഞ്ഞിനെ പണം നല്‍കി വാങ്ങിയത്. ആശുപത്രിയിലെ രണ്ട് നഴ്‌സുമാർ വഴി പരിചയപ്പെട്ട സലാമുള്ള ഖാന്‍ എന്നയാളില്‍ നിന്നാണ് മൂന്ന് ലക്ഷത്തിന് സ്‌ത്രീ കുഞ്ഞിനെ വാങ്ങിയത്. ഏകദേശം മൂന്ന് വർഷം മുന്‍പാണ് കുട്ടിയെ വിലയ്‌ക്ക് വാങ്ങിയത്.
സംശയങ്ങള്‍ മുന്നോട്ടുവച്ച് പൊലീസ്:എന്നാൽ സ്‌ത്രീയുടെ മൂത്തമകൻ സംഭവം പൊലീസിനെ അറിയിച്ചതോടെ അധികൃതര്‍ രഹസ്യാന്വേഷണം ആരംഭിച്ചു. സലാമുള്ള ഖാൻ സ്‌ത്രീയ്‌ക്ക് വിറ്റ കുഞ്ഞ് അവിവാഹിതയായ അമ്മയുടേതാകാമെന്ന് പൊലീസ് സംശയിക്കുന്നു. കുഞ്ഞിന്‍റെ അമ്മയ്ക്കായി തെരച്ചിൽ ആരംഭിച്ചു.
മുഖ്യപ്രതി സലാമുള്ള ഖാന്, നാഗ്‌പൂര്‍ ജില്ലയിലെ കൊണ്ടാലിയിൽ ബാൽഗൃഹ് എന്ന സംഘടനയുണ്ട്. ക്രൂരതയ്ക്ക് ഇരയായ സ്ത്രീകൾക്കായി ഒരു പുനരധിവാസ കേന്ദ്രവും അദ്ദേഹം നടത്തുന്നുണ്ട്. ഇത്തരത്തില്‍ കഴിയുന്ന യുവതിയുടെ കുഞ്ഞിനെയാണ് ഇയാൾ വിറ്റതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.