നാഗ്‌പൂർ: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിൽ (National Aeronautics and Space Administration) ജോലി വാഗ്‌ദാനം ചെയ്‌ത് 111 പേരില്‍ നിന്നായി അഞ്ചര കോടി രൂപ തട്ടിയതായി പരാതി. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍, ഓംകാർ മഹേന്ദ്ര തൽമലെ എന്നയാള്‍ക്കെതിരെയാണ് കേസ്. നാഗ്‌പൂർ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഏറ്റെടുത്ത കേസില്‍ അന്വേഷണം ആരംഭിച്ചു.
നേരത്തേ, പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കൊലപാതക കേസിലെ മുഖ്യപ്രതിയാണ് ഓംകാർ മഹേന്ദ്ര തൽമലെ. താൻ നാസയിൽ ജൂനിയർ സയന്‍റിസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഓംകാർ മഹേന്ദ്ര ആളുകളെ കബളിപ്പിച്ചത്. നാസയുടെ റീജിയണൽ റിമോട്ട് സെൻസിങ് സെന്‍ററായ നാഗ്‌പൂരിലാണ് (ആര്‍ആര്‍എസ്‌സി) നിലവില്‍ ജോലി ചെയ്യുന്നതെന്നും ധാരാളം സ്റ്റാഫുകളുടെ ഒഴിവുകളുണ്ടെന്നും ഇയാള്‍ ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചു. ഓംകാർ മഹേന്ദ്രയ്‌ക്കെതിരായി ഉദ്യോഗാര്‍ഥിയായ അശ്വിൻ അരവിന്ദ് വാങ്കഡെയാണ് പരാതി നൽകിയത്.
സൗഹൃദം മുതലെടുത്ത് തട്ടിപ്പ്:അശ്വിൻ വാങ്കഡെയും ഓംകാർ തൽമലെയും നേരത്തേ പരിചയമുണ്ടായിരുന്നു. ഈ മുന്‍പരിചയം മുതലെടുത്ത് നാഗ്‌പൂരിലെ റീജിയണൽ റിമോട്ട് സെൻസിങ് സെന്‍ററില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ആദ്യം ഇയാളില്‍ നിന്നും പ്രതി രണ്ട് ലക്ഷം രൂപ കൈക്കലാക്കി. അശ്വിന്‍റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഒഴിവുള്ള തസ്‌തികകളില്‍ പ്രവേശിപ്പിക്കാമെന്നും പ്രതി വാഗ്‌ദാനം ചെയ്‌തു. ഇങ്ങനെ നിരവധി ആളുകളെ ഇയാള്‍ പ്രലോഭിപ്പിക്കുകയും 111 പേരെ തട്ടിപ്പിന് ഇരയാക്കുകയുമായിരുന്നു.