കൊഹിമ :നാഗാലാൻഡിൽ തെറ്റിദ്ധാരണയില്‍ സൈനികര്‍ നടത്തിയ വെടിവയ്‌പ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക സംഘം (SIT) അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ അറിയാവുന്നവർ അധികൃതരെ അറിയിക്കണമെന്ന് നാഗാലാൻഡ് പൊലീസ് സൂപ്രണ്ട് മനോജ് കുമാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളോ വീഡിയോകളോ മറ്റ് വിവരങ്ങളോ പങ്കുവയ്ക്കുന്നതിനായി പ്രത്യേക ഫോൺനമ്പറും (+91 6009803048) ഇ-മെയിൽ ഐഡിയും (otingsit@gmail.com) പൊലീസ് നൽകിയിട്ടുണ്ട്. അതേസമയം വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Nagaland Killings | നാഗാലാൻഡ് വെടിവയ്പ്പ് : അന്വേഷണമാരംഭിച്ച് പ്രത്യേക സംഘം - Army Kills 17 civilians in Nagaland
Nagaland Firing | എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ അറിയാവുന്നവർ അധികൃതരെ അറിയിക്കണമെന്ന് നാഗാലാൻഡ് പൊലീസ് സൂപ്രണ്ട് മനോജ് കുമാർ
ഡിസംബർ 4 ശനിയാഴ്‌ച വൈകുന്നേരം മോൺ ജില്ലയിലെ ഒട്ടിങ്-തിരു റോഡിലാണ് വെടിവയ്പ്പ് നടന്നത്. സമീപത്തുള്ള കല്‍ക്കരി ഖനിയില്‍ ദിവസ വേതനക്കാരായ ഗ്രാമീണര്‍ പിക്കപ്പ് ട്രാക്കില്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. എന്‍എസ്‌സിഎന്‍ (കെ) ആയുധധാരികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. സംഭവത്തിൽ 17 പേർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം പ്രദേശത്ത് തീവ്രവാദികളുടെ നീക്കത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് സുരക്ഷാസേനയുടെ വാദം. ഗ്രാമീണരുടെ പ്രത്യാക്രമണത്തിൽ ഒരു സുരക്ഷാസേനാംഗവും കൊല്ലപ്പെട്ടിരുന്നു. അടുത്ത ദിവസം നാട്ടുകാർ എആർ വിഭാഗത്തിന്‍റെ ചില വാഹനങ്ങൾ കത്തിക്കുകയും സുരക്ഷാസേനയുടെ ബേസ് ക്യാമ്പിന് തീയിടുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥയാണ് നിലനിന്നിരുന്നത്.