ന്യൂഡല്‍ഹി :ജെപി നഡ്ഡയുടെ ബിജെപി ദേശീയ അധ്യക്ഷ പദവി കാലാവധി 2024 ജൂണ്‍വരെ നീട്ടി. പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് നഡ്ഡയുടെ കാലാവധി അടുത്തവര്‍ഷം ജൂണ്‍വരെ നീട്ടണമെന്ന നിര്‍ദേശം നിര്‍വാഹക സമിതി യോഗത്തില്‍ മുന്നോട്ടുവച്ചതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. നിര്‍ദേശം നിര്‍വാഹക സമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
നഡ്ഡയുടെ ദേശീയ അധ്യക്ഷ പദവി കാലാവധി നീട്ടി ബിജെപി ; 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നേതൃത്വ തുടര്‍ച്ച ലക്ഷ്യം - BJP news
ഡല്‍ഹിയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ജെപി നഡ്ഡയുടെ ദേശീയ അധ്യക്ഷ പദവി കാലാവധി അടുത്ത വര്‍ഷം ജൂണ്‍ വരെ നീട്ടാനുള്ള തീരുമാനം എടുത്തത്
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് 2019ലേതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടു. നഡ്ഡയുടെ നേതൃത്വത്തില്‍ നിരവധി നിയമസഭ തെരഞ്ഞെടുപ്പുകള്‍ ബിജെപി വിജയിച്ചു. കൊവിഡ് മഹാമാരി സമയത്ത് സംഘടനാതലത്തില്‍ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതില്‍ നേതൃപരമായ പങ്ക് നഡ്ഡ വഹിച്ചെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുക്കുന്ന വേളയില്‍ നേതൃത്വ തുടര്‍ച്ച ഉറപ്പാക്കുകയാണ് ജെ പി നഡ്ഡയുടെ അധ്യക്ഷ പദവി കാലാവധി നീട്ടിയതിലൂടെ ബിജെപി ലക്ഷ്യംവയ്ക്കുന്നത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷായുടേയും അധ്യക്ഷ പദവി കാലാവധി നീട്ടിയിരുന്നു.