ന്യൂഡല്‍ഹി :ഈ വര്‍ഷം നടക്കാന്‍ പോകുന്ന ഒമ്പത് നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയിക്കേണ്ടതിന്‍റെ ആവശ്യകത പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ. ഈ സംസ്ഥാനങ്ങളില്‍ ഒന്നിലും ബിജെപി പരാജയപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ദേശീയ നിര്‍വാഹകസമിതി അംഗങ്ങളോട് ജെപി നഡ്ഡ ആവശ്യപ്പെട്ടു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വളരെ പ്രധാനപ്പെട്ട വര്‍ഷമാണ് ഇതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കിയതായി ദേശീയ നിര്‍വാഹക സമിതി യോഗത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
2024ല്‍ മൂന്നാം തവണയും കേന്ദ്രത്തില്‍ അധികാരത്തിലേറാനായി സംഘടനയെ ശക്തിപ്പെടുത്തുന്ന നിരവധി നടപടികള്‍ ബിജെപി സ്വീകരിച്ചിട്ടുണ്ട്. ദേശീയ നിര്‍വാഹക സമിതിയുടെ രണ്ട് ദിവസത്തെ യോഗത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വലിയ കുതിപ്പാണ് കൈവരിച്ചതെന്ന് യോഗത്തില്‍ നഡ്ഡ അവകാശപ്പെട്ടു. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറി.
മൊബൈല്‍ ഫോണ്‍ ഉത്‌പാദനത്തില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യമാറി. വാഹന നിര്‍മാണ മേഖലയില്‍ മൂന്നാമതായി.മുന്‍പ്, ഒരു ദിവസം 12കിലോമീറ്റര്‍ ഹൈവേയാണ് രാജ്യത്ത് നിര്‍മിച്ചതെങ്കില്‍ ഇപ്പോള്‍ 37 കിലോമീറ്ററായി അത് ഉയര്‍ന്നുവെന്നും ജെപി നഡ്ഡ അവകാശപ്പെട്ടു.
പാവങ്ങളെ ശാക്തീകരിക്കുന്നതിനായി സൗജന്യ ധാന്യ വിതരണം അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചെന്നും നഡ്ഡ പറഞ്ഞു. ഈയിടെ നടന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ചരിത്രപരമാണെന്നാണ് നഡ്ഡ വിശേഷിപ്പിച്ചത്. 182 അംഗ നിയമസഭയില്‍ 150ലധികം സീറ്റുകള്‍ വിജയിച്ചത് വലിയ നേട്ടമാണ്. ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് ബിജെപി പരാജയപ്പെട്ടെങ്കിലും വോട്ടിങ് ശതമാനത്തില്‍ ഒരു ശതമാനത്തില്‍ താഴെ വ്യത്യാസം മാത്രമെയുള്ളൂവെന്നും നഡ്ഡ പറഞ്ഞു.
നരേന്ദ്ര മോദിയുടെ റോഡ് ഷോ : ദേശീയ നിര്‍വാഹക യോഗത്തിന് മുന്നോടിയായി നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാഴ്‌ത്തി. ഡല്‍ഹിയിലെ പട്ടേല്‍ ചൗക്ക് മുതല്‍ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്‍റര്‍ വരെയായിരുന്നു റോഡ്‌ഷോ. റോഡിന്‍റെ ഇരുവശങ്ങളിലും സ്റ്റേജുകളില്‍ വിവിധ സംസ്ഥാനങ്ങളിലെ തനത് നാടന്‍ കലകള്‍ അവതരിപ്പിക്കപ്പെട്ടു.
നിരവധി റോഡ്‌ഷോകള്‍ നരേന്ദ്ര മോദി നടത്തിയിട്ടുണ്ടെങ്കിലും ദേശീയ നിര്‍വാഹക സമിതിയോഗങ്ങള്‍ക്ക് മുമ്പായി നടത്തുന്നത് അപൂര്‍വമായി മാത്രമാണ്. ഒഡിഷയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതിയോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി റോഡ് ഷോ നടത്തിയിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ ഓര്‍മ്മപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകരിലും അനുഭാവികളിലും ആവേശം നിറയ്‌ക്കുന്നതില്‍ റോഡ് ഷോ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
ഈയിടെ നടന്ന ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയോട് ബിജെപി പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഡല്‍ഹി ബിജെപി ഘടകത്തെ കൂടുതല്‍ പ്രവര്‍ത്തന നിരതമാക്കാന്‍ റോഡ് ഷോയിലൂടെ സാധിക്കുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു.