ന്യൂഡൽഹി:ഡൽഹിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ മരുമകളെ പൊലീസ് അറസ്റ്റ് ചെയ്‌തു. 30കാരിയായ മോണിക്കയാണ് അറസ്‌റ്റിലായിരിക്കുന്നത്. തിങ്കളാഴ്‌ച രാവിലെയാണ് ന്യൂഡൽഹിയിലെ ഭാഗീരഥി വിഹാറിൽ ഇരട്ടക്കൊലപാതകം നടന്നത്.
രാധശ്യാം വർമ (75) ഭാര്യ വീണ (68) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ഇരുനില വീടിന്‍റെ താഴത്തെ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ 38 വർഷമായി ഈ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. മരിച്ചവരിൽ ഒരാൾ സർക്കാർ സ്‌കൂളില്‍ നിന്ന് വൈസ് പ്രിൻസിപ്പലായി വിരമിച്ചയാളാണ്.
അന്വേഷണത്തിൽ വീട്ടിൽ നിന്ന് 4.5 ലക്ഷം രൂപയും ആഭരണങ്ങളും നഷ്‌ടപ്പെട്ടതായി കണ്ടെത്തി. അടുത്തിടെയാണ് ദമ്പതികൾ തങ്ങളുടെ ഭൂമിയുടെ കുറച്ച് ഭാഗം വില്‍പന നടത്തിയത്. 4.5 ലക്ഷം രൂപ കച്ചവടം നടത്തിയതിൽ അഡ്വാൻസ് തുകയായി ലഭിച്ചതായിരുന്നു. എന്നാൽ ഈ തുക മോഷണം പോയതോടെ പണം തട്ടുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യം എന്ന് ആദ്യഘട്ടത്തില്‍ പൊലീസ് കരുതി. അന്വേഷണത്തിനായി ക്രൈം ടീമും എഫ്എസ്എൽ സംഘവും കൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
Also Read: കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ; പ്രതി ഒളിവില്‍
മോണിക്കയിലേക്ക് അന്വേഷണം എത്തിയതിങ്ങനെ:സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് സംഭവ ദിവസം ഇവരുടെ വീട്ടിൽ മോണിക്കയുടെ സുഹൃത്തുക്കൾ വന്നിട്ടുണ്ട് എന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെ വീട്ടിലെ എല്ലാ അംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്യുകയും അവരുടെ മൊബൈലുകൾ സാങ്കേതിക നിരീക്ഷണത്തിലാക്കുകയും ചെയ്‌തു.
തെളിവുകൾ നിരത്തിയുള്ള പൊലീസ് ചോദ്യം ചെയ്യലിലാണ് വൃദ്ധ ദമ്പതികളെ സുഹൃത്തിന്‍റെ സഹായത്തോടെ കൊന്നതാണെന്ന് മോണിക്ക വെളിപ്പടുത്തിയത്. ഈ സുഹൃത്തിനൊപ്പം കൃത്യം നടത്താൻ ഒരു സഹായിയും ഉണ്ടായിരുന്നു.
കൊലപാതകം നടത്തിയതിങ്ങനെ:ഞായറാഴ്‌ച വൈകിട്ട് ഏഴു മണിയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മോണിക്ക കൊലയാളികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ടെറസിൽ ഒളിപ്പിച്ചു. രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ കൊലയാളികള്‍ മുറിയിൽ കയറിയെന്നും യുവതി പറഞ്ഞു.
ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമായി ഇവർ മുൻപ് പറഞ്ഞുറപ്പിച്ചത് പോലെ രക്ഷപ്പെട്ടു. അമ്മായിയമ്മയെയും അമ്മായി അച്ഛനെയും കൊലപ്പെടുത്തുകയായിരുന്നു തന്‍റെ ലക്ഷ്യമെന്ന് പ്രതിയായ യുവതി പിന്നീട് പൊലീസിനോട് വെളിപ്പെടുത്തി. വസ്‌തുവിന്‍റെ ഒരു ഭാഗം വിൽക്കുന്നതിനാൽ വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കൈയിൽ നിന്ന് പോകുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്ന് യുവതി മൊഴി നല്‍കി.
നിലവിൽ രണ്ട് കൊലയാളികളും ഒളിവിലാണ്. ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ വൃദ്ധ ദമ്പതികളുടെ മകന് കൊലപാതകത്തിൽ പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. മകന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ഇയാളെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
Also Read: ദലിത് പെൺകുട്ടിയെ ഗർഭിണിയാക്കി; നവജാത ശിശുവിനെ മതപ്രഭാഷകൻ 10 ലക്ഷം രൂപക്ക് വിറ്റു