കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ക്കിടയില്‍ സ്വധീനം ഉണ്ടായിരുന്ന തമിഴ്‌നാട്ടില്‍ ജീവിച്ചിരുന്ന രണ്ട് അതികായരായ വ്യക്തിത്വങ്ങളുടെ അസാന്നിധ്യത്തില്‍ നടക്കാന്‍ പോകുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് 2021-ലേത് എന്നു പറയാം. കോണ്‍ഗ്രസിലെ കെ കാമരാജും ഡിഎംകെ യിലെ അണ്ണാ ദുരൈയുമായിരുന്നു മുന്‍ കാലങ്ങളില്‍ തമിഴ്‌നാട് കണ്ട രാഷ്ട്രീയ ഭീഷ്‌മാചാര്യന്മാര്‍. അതിനു ശേഷം വാക്കുകളിട്ട് അമ്മാനമാടുന്ന പ്രാസംഗികന്‍ മുത്തുവേല്‍ കരുണാനിധിയും വ്യക്തി പ്രഭാവം തുളുമ്പുന്ന എംജി രാമചന്ദ്രന്‍ എന്ന എംജിആറും പിന്നാലെ ജയലളിതയും കടന്നു വന്നു. എന്നാൽ ഈ അടുത്ത കാലത്ത് കരുണാനിധിയും ജയലളിതയും മണ്‍ മറഞ്ഞതോടെ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു സംസാരമാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ ശൂന്യതയെ കുറിച്ചുള്ളത്. രാഷ്ട്രീയ അഭിലാഷങ്ങള്‍ പലതും മനസില്‍ കൊണ്ടു നടക്കുന്ന സിനിമാ ലോകത്തെ താരങ്ങള്‍ മുതല്‍ ബിജെപി വരെ ഈ മുദ്രാവാക്യം ഉയര്‍ത്തികൊണ്ടേയിരിക്കുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ വേരുകള്‍ ആഴത്തിൽ ഊന്നുവാനുള്ള അവസരം ഇതാ കൈവന്നിരിക്കുന്നു എന്ന് ബിജെപി വിശ്വസിക്കുന്നു. ഗോദയിലേക്ക് ഇറങ്ങും മുന്‍പ് തന്നെ മത്സരത്തില്‍ നിന്ന് രജനീകാന്ത് പിന്‍വാങ്ങി എങ്കിലും, കമലഹാസന്‍ ഇപ്പോഴും ഈ രാഷ്ട്രീയ ശൂന്യതയെ പിടിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ആ ശൂന്യത നികത്താന്‍ അനുയോജ്യൻ താനാണെന്നാണ് അദ്ദേഹം സ്വയം ഉയര്‍ത്തി കാട്ടുന്നത്. എന്നാല്‍ 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍ വെച്ചു നോക്കുമ്പോള്‍ ഇങ്ങനെ ഒരു രാഷ്ട്രീയ, നേതൃത്വ ശൂന്യത തന്നെ ഇല്ലാ എന്ന് വ്യക്തമാകുന്നു.
ചെന്നൈ:രാഷ്ട്രീയം വളരെ വിരളമായി മാത്രമേ അല്‍ഭുതങ്ങള്‍ സൃഷ്‌ടിക്കാറൂള്ളൂ. ദ്രാവിഡ മണ്ണില്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും താഴെ ഇറക്കപ്പെട്ട ശേഷം 1967 മുതല്‍ ഇങ്ങോട്ട് ഡിഎംകെ അല്ലെങ്കില്‍ എഐഎഡിഎംകെ ആണ് സംസ്ഥാനത്ത് മാറി മാറി ഭരിച്ചു കൊണ്ടിരിക്കുന്നത്. ദശാബ്‌ദങ്ങളായി ദേശീയ രാഷ്ട്രീയത്തിന് സ്ഥാനം കളിക്കളത്തിൻ്റെ അരികുകളില്‍ മാത്രമാണ്. ലോക്‌സഭയിലെക്കായാലും സംസ്ഥാന നിയമസഭയിലേക്കായാലും നടക്കുന്ന ഓരോ തെരഞ്ഞെടുപ്പുകളുടേയും ഫലം അത് നമുക്ക് കാട്ടി തന്നുകൊണ്ടിരിക്കുന്നു. ഇന്നിപ്പോള്‍ എഐഎഡിഎംകെയുടെ സര്‍വസ്വമായിരുന്ന ജയലളിതയും അവരുടെ ബദ്ധവൈരി കരുണാനിധിയും കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷം മാറ്റി മറിക്കുവാന്‍ ശ്രമം നടത്തുന്നവരെല്ലാം തന്നെ ഉയര്‍ത്തി പിടിച്ച് കൊണ്ടു നടക്കുന്ന ഒരു മുദ്രാവാക്യമാണ് “രാഷ്ട്രീയ ശൂന്യത'' എന്നത്.
ഈ രാഷ്ട്രീയ ശൂന്യതയുടെ ചെണ്ടയും കൊട്ടി ആദ്യം രംഗത്ത് വന്നത് രജനീകാന്ത് ആയിരുന്നു. പിന്നീട് താനാണ് രക്ഷകന്‍ എന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ട് കമല്‍ഹാസന്‍ എത്തി. ദ്രാവിഡ ആദര്‍ശങ്ങളേയും പാരമ്പര്യത്തേയും ആക്ഷേപിച്ചു കൊണ്ട് ബിജെപിയും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനായി ഇറങ്ങിയിരിക്കുന്നു. ഇവര്‍ക്കൊക്കെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എന്തെങ്കിലും ചലനങ്ങള്‍ സൃഷ്‌ടിക്കുവാനുള്ള കഴിവുണ്ടോ? രണ്ട് പ്രമുഖ നേതാക്കന്മാരുടെ അസാന്നിദ്ധ്യത്തിലും ദ്രാവിഡ രാഷ്ട്രീയം സംസ്ഥാനത്ത് ഇപ്പോഴും സജീവവും ശക്തവും തന്നെയാണ്. ഡിഎംകെയോ എഐഎഡിഎംകെയോ നിര്‍ജീവമാവുകയോ അല്ലെങ്കില്‍ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിന് കെൽപ്പില്ലാത്തവരോ ആയിട്ടില്ല.
മാത്രമല്ല സംസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയില്‍ നിറ സാന്നിദ്ധ്യമായി നില്‍ക്കുന്ന ഈ രണ്ട് വമ്പന്മാര്‍ തന്നെയാണ് ദേശീയ പാര്‍ട്ടികള്‍ക്കൊന്നും തന്നെ ഇവിടെ ആഴത്തില്‍ വേരോടുവാന്‍ അവസരം നല്‍കാഞ്ഞത് എന്നും സമ്മതിക്കേണ്ടി വരും. ഇരുവരുടേയും കാലശേഷത്തിനപ്പുറവും എല്ലാത്തിനും ഉപരിയായി ഉയര്‍ന്നു നില്‍ക്കുന്ന ദ്രാവിഡ ആധിപത്യത്തിന് എന്തെങ്കിലും വെല്ലുവിളി ഉയര്‍ത്തുവാന്‍ മാത്രം പോന്ന കാര്യങ്ങളൊന്നും അവരെ വെല്ലുവിളിക്കുന്നവര്‍ക്ക് അനുകൂലമായി ഉണ്ടായിട്ടുമില്ല. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലുണ്ടായ പ്രവണതകളെ കാറ്റില്‍ പറത്തി കൊണ്ട് തമിഴ്‌നാട് ഡിഎംകെക്കൊപ്പം ഉറച്ചു നില്‍ക്കുകയായിരുന്നു. മോദി മാജിക്കിൻ്റെ ആകര്‍ഷണ വലയത്തില്‍പെട്ട് ഒരിഞ്ചു പോലും നീങ്ങാന്‍ തമിഴ്‌നാട് തയാറായില്ല.
നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം നില നിര്‍ത്തി കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിൽ 2016 ഡിസംബറിലാണ് ജയലളിത മരണപ്പെടുന്നത്. 2018 ഓഗസ്റ്റില്‍ കരുണാനിധിയും മണ്‍ മറഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ അവര്‍ ഇരുവരുടേയും സാന്നിധ്യമില്ലാതെ സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്. 2016-ല്‍ സ്റ്റാലിന്‍ ഡിഎംകെയെ തൻ്റെ തോളിലേറ്റി പ്രചാരണം നടത്തി വിജയത്തിലേക്ക് നയിച്ചുവെങ്കിലും ആ തെരഞ്ഞെടുപ്പ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൻ്റെ ഒരു പരീക്ഷണമായിരുന്നു യാഥാർഥത്തിൽ.
അന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്ന ശേഷം ചെന്നൈയിലെ പാര്‍ട്ടി കേന്ദ്ര കാര്യാലയത്തില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്ന സ്റ്റാലിൻ വികാരാധീനനായി കണ്ണീരൊഴുക്കി. രാഷ്ട്രീയ ചക്രവാളത്തിലെ ഒരു പുതിയ താരോദയമായിരുന്നു അന്നവിടെ കണ്ടത്. മോദി വിരുദ്ധ പ്രചാരണങ്ങളുടെ ചുവട് പിടിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ സഖ്യം തെരഞ്ഞെടുപ്പ് തൂത്തുവാരി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിനു കീഴില്‍ മതേതര സഖ്യം ഏതാണ്ട് എല്ലാ സീറ്റുകളും നേടിയെടുത്തപ്പോള്‍ എഐഎഡിഎംകെയും ബിജെപിയും തകര്‍ന്ന് തരിപ്പണമായി. സംസ്ഥാനത്തെ 39 ലോക്‌സഭ സീറ്റുകളില്‍ 38 എണ്ണവും ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം കൈക്കലാക്കി.