കേരളം

kerala

ETV Bharat / bharat

പ്രൗഢി വിളിച്ചോതി കൊടിയിറക്കം ; മൈസൂരുവില്‍ ദസറ ആഘോഷങ്ങള്‍ക്ക് സമാപനം - അംബ വിലാസ്

കര്‍ണാടകയിലെ മൈസൂരുവില്‍ പത്ത് ദിവസം നീണ്ടുനിന്ന ദസറ ആഘോഷങ്ങള്‍ക്ക് ആചാരാനുഷ്‌ഠാനങ്ങളോടെ സമാപനം

Mysuru  Grand Dussehra  Dussehra Celebration  Victory of good over evil  Dussehra comes to end  Dussehra  തിന്മയുടെ മേല്‍ നന്മയുടെ വിജയം  മൈസൂരു  ദസറ ആഘോഷങ്ങള്‍ക്ക് വിരാമം  ദസറ ആഘോഷങ്ങള്‍  ദസറ  കര്‍ണാടക  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ  മുഖ്യമന്ത്രി  അംബാരി  അംബ വിലാസ്  വാഡിയാർ
ഇത് 'തിന്മയുടെ മേല്‍ നന്മയുടെ വിജയം'; മൈസൂരുവില്‍ ദസറ ആഘോഷങ്ങള്‍ക്ക് വിരാമം

By

Published : Oct 5, 2022, 10:57 PM IST

മൈസൂരു(കര്‍ണാടക) :പത്ത് ദിവസം നീണ്ടുനിന്ന ദസറ ആഘോഷങ്ങള്‍ക്ക് പരിസമാപ്തി. കര്‍ണാടകയുടെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും, പ്രൗഢിയും വിളിച്ചോതി തന്നെയായിരുന്നു സംസ്ഥാനത്തിന്‍റെ ഉത്സവമായ ദസറക്ക് കൊടിയിറങ്ങിയത്. അതേവര്‍ഷം കൊവിഡ് മഹാമാരി മൂലം ആരവമില്ലാതെ ഒതുങ്ങിപ്പോയ ഉത്സവത്തിന് ഇത്തവണ പഴയ പ്രൗഢി തിരികെക്കിട്ടി.

ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അംബ വിലാസ് കൊട്ടാരവളപ്പിലുള്ള 'നന്ദി ധ്വജ'ത്തിന് പൂജ അർപ്പിച്ചതോടെയാണ് മഹാഘോഷയാത്ര ആരംഭിച്ചത്. ഇതിന് പിറകെ മൈസൂരു രാജകുടുംബത്തിന്റെ ഉപാസനാമൂര്‍ത്തിയായ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം 750 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത 'അംബാരി'യില്‍ വഹിച്ചുകൊണ്ടുള്ള ഒരു ഡസൻ ആനകളുടെ 'ജംബു സവാരി' ഘോഷയാത്ര കാണാന്‍ ആയിരങ്ങളാണ് പ്രദക്ഷിണ വീഥിയില്‍ ഒരുമിച്ച് കൂടിയത്. വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി കലാകാരന്മാരുടെയും സാംസ്കാരിക കൂട്ടായ്‌മകളുടെയും ടാബ്ലോകളും ഘോഷയാത്രയില്‍ അണിനിരന്നു. കൊവിഡ് കാരണം രണ്ടുവര്‍ഷമായി ആഘോഷങ്ങള്‍ അംബ വിലാസ് കൊട്ടാരവളപ്പില്‍ മാത്രമായി ചുരുക്കിയിരുന്നു.

പ്രൗഢി വിളിച്ചോതി കൊടിയിറക്കം ; മൈസൂരുവില്‍ ദസറ ആഘോഷങ്ങള്‍ക്ക് സമാപനം

ആഘോഷങ്ങളുടെ ആരംഭം :നന്ദി ധ്വജത്തിന് പൂജ അർപ്പിച്ച ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജനങ്ങള്‍ക്ക് വിജയദശമി ദിനാശംസകള്‍ നേര്‍ന്നു. ദസറയുടെ ചടങ്ങുകളും പരിപാടികളും വലിയ വിജയമാക്കിയതിന് മൈസൂരു ജില്ല ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. തുടര്‍ന്ന് വൈകീട്ടോടെ ഹൗഡയിൽ പ്രതിഷ്ഠിച്ച ചാമുണ്ഡേശ്വരി വിഗ്രഹത്തിൽ പുഷ്പവൃഷ്‌ടി നടത്തി ആനകളുടെ ഘോഷയാത്ര മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. അദ്ദേഹത്തിനൊപ്പം മൈസൂരു രാജകുടുംബത്തിലെ അനന്തരാവകാശി ദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ, ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്.ടി സോമശേഖർ, സാംസ്‌കാരിക മന്ത്രി വി.സുനിൽ കുമാർ, മൈസൂരു സിറ്റി മേയർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.

'മൈസൂരു'വിന്‍റെ ദസറ : തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന 'വിജയദശമി' ദിനത്തിലാണ് ദസറ ഘോഷയാത്ര നടക്കുന്നത്. പണ്ട് രാജാവ് തന്‍റെ സഹോദരനും, അനന്തരവനുമൊപ്പം അംബാരിയില്‍ ഇരുന്ന് പ്രദക്ഷിണം നടത്തുമായിരുന്നു. എന്നാല്‍ പിന്നീട് തടിയില്‍ തീര്‍ത്ത് 750 കിലോഗ്രാം സ്വര്‍ണം കൊണ്ട് പൊതിഞ്ഞ അംബാരിയില്‍ രാജാക്കന്മാര്‍ക്ക് പകരം കുലദേവതയായ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം ഘോഷയാത്രയായി കൊണ്ടുപോകുന്നതിലേക്ക് മാറി.

പതിവുപോലെ രാജകുടുംബത്തിലെ അവസാന അംഗമായ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ രാജകീയ വേഷങ്ങളണിഞ്ഞ് അംബ വിലാസ് കൊട്ടാരത്തിൽ നിന്ന് ഭുവനേശ്വരി ദേവി ക്ഷേത്രം വരെ 'വിജയയാത്ര' നടത്തി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലും മൈസൂരു കൊട്ടാരം, പ്രധാന തെരുവുകൾ, കെട്ടിടങ്ങൾ എന്നിവ ദീപാലങ്കാരങ്ങൾ കൊണ്ട് മനോഹരമാക്കിയിരുന്നു. ദസറയുടെ മുന്നോടിയായി വിവിധ വേദികളിൽ സാംസ്കാരിക പരിപാടികളും അരങ്ങേറിയിരുന്നു. രാജകുടുംബവും പാരമ്പര്യമനുസരിച്ച് അവരുടെ ആഘോഷങ്ങൾ നടത്തിയിരുന്നു. കിരീടാവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ സിംഹാസനത്തില്‍ ആസനസ്ഥനായുള്ള 'ഖസഗി ദർബാറും' (സ്വകാര്യ ദർബാർ) നടന്നിരുന്നു.

ആഘോഷം വന്ന വഴി : വിജയനഗര സാമ്രാജ്യത്തിന്റെ ഭരണാധികാരികളായിരുന്നു ദസറ ആഘോഷിച്ചിരുന്നത്. പിന്നീട് മൈസൂരു രാജകുടുംബമായ വാഡിയാർ ഇത് പാരമ്പര്യമായി പിന്‍പറ്റി വന്നു. 1610 ൽ വാഡിയാർ രാജാവായ രാജ വാഡിയാർ ഒന്നാമനാണ് മൈസൂരുവിൽ ദസറ ആഘോഷങ്ങൾ ആദ്യമായി ആരംഭിക്കുന്നത്. 1971 ല്‍ പ്രിവി പേഴ്‌സ് (രാജാവിന്റെ സ്വന്തം ചെലവിനുള്ള ധനം) നിര്‍ത്തലാക്കുകയും, മുൻ ഭരണാധികാരികളുടെ പ്രത്യേകാവകാശങ്ങൾ നിർത്തലാക്കുകയും ചെയ്തതിനെത്തുടർന്ന് ആഘോഷം രാജകുടുംബത്തിന്റെ സ്വകാര്യ വിശേഷമായി മാറി. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഡി ദേവരാജക്ക് കീഴിലുള്ള സര്‍ക്കാര്‍ ഇടപെട്ട് പൊതുജനങ്ങളുടെ സഹകരണത്തോടെ ദസറ ആഘോഷങ്ങൾ പുനരുജ്ജീവിപ്പിച്ചതോടെയാണ് പിന്നീട് ആഘോഷം സജീവമാകുന്നത്.

ABOUT THE AUTHOR

...view details