മൈസുരു:ഏറ്റവും കുറഞ്ഞ ചെലവിൽ കൊവിഡ് പരിശോധന കിറ്റ് വികസിപ്പിച്ച് മൈസൂർ സർവകലാശാലയും ഹൈദരാബാദ് ആസ്ഥാനമായുള്ള ലോറൻ ബയോളജിക്സ് പ്രൈവറ്റ് ലിമിറ്റഡും. പുതിയ കൊവിഡ് പരിശോധന കിറ്റിന് 90 ശതമാനത്തിലധികം കൃത്യതയുണ്ടെന്ന് മൈസൂർ സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അംഗവുമായ കെ.എസ്.രംഗപ്പ അഭിപ്രായപ്പെട്ടു. എസ്. ചന്ദ്രനായക്, സി.ഡി.മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കിറ്റ് വികസിപ്പിച്ചെടുത്തത്.
സർക്കാർ സർവകലാശാല വികസിപ്പിച്ചെടുത്തതിനാൽ മിതമായ നിരക്കിൽ കിറ്റ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി രംഗപ്പ പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷണ സംഘം.ഒരു ബാർകോഡ് സ്ട്രിപ്പ് ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്തിരിക്കുന്നു എന്നതാണ് കിറ്റിന്‍റെ സവിശേഷത. കൂടാതെ ബാർകോഡ് സ്കാൻ ചെയ്തയുടനെ രോഗിയുടെ പരിശോധന ഫലം സെർവറിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുകയും അധികൃതരെ അറിയിക്കുകയും ചെയ്യുന്നു.