മൈസൂര്‍:മധുര പലഹാരങ്ങളില്‍ പ്രശസ്‌തമായ കര്‍ണാടകയുടെ മൈസൂര്‍ പാക്കിന് ഇതാ രാജ്യാന്തര അംഗീകാരവും. ടേസ്‌റ്റ് അറ്റ്ലസ് എന്ന ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡ് തയ്യാറാക്കിയ ലോകത്തെ മികച്ച തട്ടുകട വിഭവങ്ങളുടെ പട്ടികയില്‍ മധുര പലഹാരങ്ങളുടെ ഇനത്തിലാണ് മൈസൂര്‍ പാക്ക് പതിനാലാം സ്ഥാനം നേടിയത്. ഇന്ത്യന്‍ വിഭവങ്ങളായ കുല്‍ഫിയും കുല്‍ഫി ഫലൂദയും മൈസൂര്‍ പാക്കിനൊപ്പം പട്ടികയിലുണ്ട്.
കുല്‍ഫി പതിനെട്ടാം സ്ഥാനത്തും കുല്‍ഫി ഫലൂദ മുപ്പത്തി രണ്ടാം സ്ഥാനത്തുമാണുള്ളത്. മൈസൂര്‍ പാക്കിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള കഥകളും മധുരതരമാണ്. ചരിത്രം പറയുന്നത് 1934ലാണ് ആദ്യമായി മൈസൂര്‍പാക്ക് ഉണ്ടാക്കിയതെന്നാണ്.
മൈസൂര്‍ പാക്കിന്‍റെ ഉദയം ഇങ്ങനെ: മൈസൂരിലെ രാജാവായിരുന്ന നല്‍വടി കൃഷ്‌ണരാജ വോഡയാര്‍ കൊട്ടാരം കുശിനിക്കാരനായിരുന്ന കകാസുര മാഡപ്പയോട് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഈ വിഭവത്തിന്‍റെ പിറവി. മൈസൂരു സന്ദര്‍ശിക്കാനെത്തിയ വിദേശികള്‍ക്ക് നല്‍കാന്‍ പശുവിന്‍ നെയ്യില്‍ നിന്ന് ഒരു മധുര പലഹാരം ഉണ്ടാക്കാനായിരുന്നു രാജാവ് നിര്‍ദ്ദേശിച്ചത്. അത് അക്ഷരം പ്രതി പാലിച്ച മാഡപ്പ ചെറുപയര്‍ പൊടിയും ശര്‍ക്കരയും മഞ്ഞളും ഏലവും നെയ്യും ചേര്‍ത്ത് ഒരു വിഭവമുണ്ടാക്കി.
കകാസുര മാഡപ്പ തന്‍റെ പുതിയ വിഭവം രാജാവിന് രുചിച്ചു നോക്കാന്‍ നല്‍കി. രാജാവിന് അതിന്‍റെ രുചി നന്നായി ബോധിച്ചു. പുതിയ വിഭവത്തിന് അദ്ദേഹം മൈസൂര്‍ പാക്കെന്ന് പേരിട്ടു.
ഇന്നും മൈസൂരുവിലെത്തുന്ന അന്യ നാട്ടുകാരുടെയും സഞ്ചാരികളുടേയും പ്രിയ വിഭവമാണ് മൈസൂര്‍ പാക്ക്. മൈസൂര്‍ പാക്കിന്‍റെ ഉപജ്ഞാതാവായ മാഡപ്പയുടെ പിന്മുറക്കാര്‍ ഇന്നും മധുര പലഹാര വിപണന രംഗത്ത് സജീവമായുണ്ട്. മൈസൂരുവിലെ ദേവരാജ മാര്‍ക്കറ്റില്‍ കകാസുര മാഡപ്പയുടെ അഞ്ചാം തലമുറ ഇപ്പോഴും ഒരു പലഹാരക്കട നടത്തുന്നുണ്ട്.
തങ്ങളുടെ മുതുമുത്തശ്ശന്‍ തയ്യാറാക്കി അവതരിപ്പിച്ച മൈസൂര്‍ പാക്കെന്ന വിഭവത്തിന് ലഭിച്ച രാജ്യാന്തര അംഗീകാരത്തില്‍ അവരും ആഹ്ളാദവാന്മാരാണ്. " ലോകത്തെവിടെയായാലും മൈസൂര്‍ പാക്ക്" എന്നു തന്നെയാണ് ഈ വിഭവം അറിയപ്പെടുന്നത്. ഇത് മൈസൂരുവിനും കര്‍ണാടകയ്ക്കും ഒരു പോലെ അഭിമാനം പകരുന്ന നേട്ടമാണ്.
സമൂഹമാധ്യമങ്ങളിലടക്കം തരംഗമായി മൈസൂര്‍ പാക്ക്: ആഗോളതലത്തില്‍ നമ്മുടെ വിഭവങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരം എന്തു കൊണ്ടും പ്രോല്‍സാഹ ജനകമാണ്. മൈസൂരുവിനെക്കുറിച്ച് ലോകമെമ്പാടും അറിയപ്പെടാന്‍ മൈസൂര്‍പാക്ക് നിമിത്തമാവുകയാണ്. ഞങ്ങളുടെ മുതു മുത്തച്ഛനാണ് ഇങ്ങിനെയൊരു വിഭവം ആദ്യമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതെന്നതിലും അഭിമാനിക്കുന്നു." - കകാസുര മാഡപ്പയുടെ പിന്മുറക്കാരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ശിവാനന്ദ ഇടിവി ഭാരതിനോടു പറഞ്ഞു.
മൈസൂര്‍ പാക്കിന്‍റെ ഈ അഭിമാന നേട്ടം ട്വിട്ടറിലും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ആഘോഷമാക്കിയിരിക്കുകയാണ് കന്നഡികര്‍. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്തോഷം പങ്കു വെച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായി. ലോകത്തെ ഏറ്റവും മികച്ച 50 വിഭവങ്ങളില്‍ മൈസൂര്‍ പാക്കിന് ഇടം പിടിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്നും ഇതിനു പിന്നില്‍ പ്രവൃത്തിച്ച എല്ലാ ഷെഫുമാരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു.