മൈസൂരു:75-ാം വാര്‍ഷികാഘോഷ നിറവില്‍ മൈസൂർ പെയിന്‍റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ്. രാജ്യത്തെ മുഴുവന്‍ തെരഞ്ഞെടുപ്പുകള്‍ക്കും വോട്ടര്‍മാരുടെ കൈയില്‍ അടയാളമിടാന്‍ മായാത്ത മഷി വിതരണം ചെയ്യുന്ന കമ്പനിയാണ് മൈസൂര്‍ പെയിന്‍റ് ആന്‍റ് വാര്‍ണിഷ് ലിമിറ്റഡ്. 1937ലാണ് മൈസൂര്‍ രാജവംശത്തിലെ നാൽവാടി കൃഷ്‌ണരാജ വോഡയാർ ആദ്യമായി കമ്പനി ആരംഭിച്ചത്.
മൈസൂര്‍ പെയിന്‍റ്സ് ആന്‍റ് വാര്‍ണിഷ് ലിമിറ്റഡ് സ്വാതന്ത്ര്യത്തിന് മുമ്പ് തുടക്കമിട്ട ഈ കമ്പനിക്ക് ആദ്യം നല്‍കിയിരുന്ന പേര് മൈസൂർ ലാക് ഫാക്‌ടറി എന്നായിരുന്നു. തുടര്‍ന്ന് 1947ലാണ് മൈസൂർ പെയിന്‍റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്‌തത്. തുടര്‍ന്നാണ് മുദ്രയരക്കിന്‍റെയും(sealing wax) പെയിന്‍റിന്‍റെയും ഉത്‌പാദനം ആരംഭിച്ചത്.
1962ന് ശേഷം രാജ്യത്തെ മുഴുവന്‍ പൊതു തെരഞ്ഞെടുപ്പുകള്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കും മായാത്ത മഷി വിതരണം ചെയ്യുന്ന ഏക സര്‍ക്കാര്‍ കമ്പനിയാണിത്. 12 വര്‍ഷമായി രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും മഷി നല്‍കി ലാഭം കൊയ്യുന്ന കമ്പനി.
കമ്പനിയുടെ മറ്റ് ഉത്‌പന്നങ്ങൾ:വ്യാവസായിക കോട്ടിങും സംയുക്ത ഉത്‌പന്നങ്ങളും കമ്പനിയുടെ മറ്റൊരു പ്രധാന ഉത്‌പാദനമാണ്. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, സൗത്ത് വെസ്റ്റേൺ റെയിൽവേ, മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ, സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, കർണാടക പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ, ഹട്ടി ഗോൾഡ് മൈൻസ് (റായ്ച്ചൂരിൽ), തമിഴ്‌നാട് പബ്ലിക് എന്‍റര്‍പ്രൈസസ്, കോർപ്പറേഷനുകൾ, ജെ.കെ.ടയേഴ്‌സ്, ഓട്ടോമോട്ടീവ് ആക്‌സിൽ എന്നിവിടങ്ങളിലേക്കാണ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്.
ഇന്ത്യയ്ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിലേക്ക് മായാത്ത മഷി കയറ്റുമതി ചെയ്യുന്ന ഒരേയൊരു പൊതു സംരംഭമാണ് മൈസൂർ പെയിന്‍റ്സ് ആൻഡ് വാർണിഷ് കമ്പനിയെന്നതില്‍ അഭിമാനമുണ്ടെന്ന് മാനേജിങ് ഡയറക്‌ടര്‍ കുമാരസ്വാമി പറഞ്ഞു. 1978ൽ കയറ്റുമതി ആരംഭിച്ച കമ്പനി ഇപ്പോൾ 30 ലധികം രാജ്യങ്ങളിലേക്ക് ഉത്‌പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
കഴിഞ്ഞ 12 വര്‍ഷമായി കമ്പനി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും 2021-22 വര്‍ഷത്തില്‍ 32 കോടി രൂപയുടെ വിറ്റുവരവ് നടത്തിയെന്നും അതിലൂടെ 6.80 കോടി രൂപ ലാഭം നേടിയെന്നും കുമാരസ്വാമി പറഞ്ഞു.