ബെംഗളുരു:മൈസൂർ കൂട്ടബലാത്സംഗ കേസില്‍ അഞ്ച് പേർ അറസ്റ്റിലായെന്ന് കർണാടക ഡിജി-ഐജിപി പ്രവീൺ സൂദ്. തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശികളാണ് അറസ്റ്റിലായതെന്നും നഗരത്തിൽ ദിവസവേതന ജോലികൾ ചെയ്യുന്നവരാണ് അറസ്റ്റിലായവരെന്നും പ്രവീൺ സൂദ് വ്യക്തമാക്കി. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും കേസിലെ പ്രതിയായ ഒരാൾ ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികൾ അതിക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോയെന്ന് പറയാൻ കഴിയില്ല. പ്രതികൾ ഇരുവരിൽ നിന്നും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. യുവതിയുടെ ആൺസുഹൃത്തിനെയും പ്രതികൾ മർദിച്ചിട്ടുണ്ട്. കേസ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.