ലക്‌നൗ : ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കാര്‍ പാഞ്ഞുകയറി കർഷകർ കൊല്ലപ്പെട്ട സംഭവത്തില്‍ തന്‍റെ മകന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന വാദവുമായി കേന്ദ്രമന്ത്രി അജയ് മിശ്ര തേനി. മകൻ ഏത് അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പിലും ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
'ടവര്‍ ലൊക്കേഷൻ പരിശോധിച്ചാല്‍ സംഗതി വ്യക്തമാവും'
'ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. നമ്മുടെ രാജ്യത്ത് നിയമവ്യവസ്ഥ പ്രകാരം എല്ലാവർക്കും പരാതി നൽകാൻ അവകാശമുണ്ട്. തെളിവെടുപ്പിനിടെ എല്ലാം വ്യക്തമാകും. അന്വേഷണ ഉദ്യോഗസ്ഥർക്ക് മകന്‍ ഫോണ്‍ കോളുകള്‍, ടവര്‍ ലൊക്കേഷൻ തുടങ്ങിയവ പരിശോധിക്കാവുന്നതാണ്. ഇങ്ങനെ പരിശോധിച്ചാല്‍, സംഭവം നടക്കുമ്പോൾ മകൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് വ്യക്തമാവും'.
'കർഷകർക്ക് നേരേ വാഹനം ഓടിക്കുന്നത് വ്യക്തമാക്കുന്ന വീഡിയോയിൽ, ഡ്രൈവർ സംഭവസ്ഥലത്ത് മർദിക്കപ്പെടുന്നത് വ്യക്തമാണ്. എന്‍റെ മകനാണ് കർഷകരുടെ ദേഹത്തുകൂടെ വാഹനം ഓടിച്ചിരുന്നതെങ്കില്‍ കൊല്ലപ്പെടുമായിരുന്നു'
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെ എല്ലാ ഇരകളുടെയും കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ലഖിംപൂർ ഖേരി അക്രമത്തിൽ പ്രതിഷേധം, പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്ക്; 18 പേർ അറസ്റ്റിൽ
കര്‍ഷകര്‍ ഉള്‍പ്പടെ എട്ടുപേരാണ് ലഖിംപുര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ചിരുന്ന വാഹനമാണ് കര്‍ഷകരെ ഇടിച്ചുകൊലപ്പെടുത്തിയതെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആരോപണം.