മുംബൈ :രാജ്യത്തിനും നിയമത്തിനും മുകളിലല്ല മതം എന്ന് മുസ്‌ലിങ്ങൾ മനസിലാക്കണമെന്ന് എംഎൻഎസ് നേതാവ് രാജ് താക്കറെ. മഹാരാഷ്‌ട്രയിലെ ഉച്ചഭാഷിണി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മെയ് 3ന് മുൻപ് പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം പള്ളികൾക്ക് പുറത്ത് സ്‌പീക്കറുകൾവച്ച് ഹനുമാൻ ചാലിസ വായിക്കുമെന്നും രാജ് താക്കറെ ഭീഷണിപ്പെടുത്തി.
മഹാരാഷ്ട്രയിൽ കലാപം ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രാർഥനകൾ നടത്തുന്നതിനെ ആരും എതിർത്തിട്ടില്ല. പള്ളികളിലും രാജ്യത്തുടനീളവും സ്ഥാപിച്ചിട്ടുള്ള നിയമവിരുദ്ധമായ ലൗഡ് സ്‌പീക്കറുകൾ നീക്കം ചെയ്യണം. നിങ്ങൾ പ്രാർഥനകൾ ഉച്ചഭാഷിണിയിലൂടെ നടത്തിയാൽ ഞങ്ങളും ഉച്ചഭാഷിണികൾ ഉപയോഗിക്കും. മതം നിയമത്തേക്കാൾ വലുതല്ലെന്ന് മുസ്‌ലിങ്ങൾ മനസിലാക്കണം, മെയ് മൂന്ന് വരെ കാത്തിരിക്കൂ - താക്കറെ പറഞ്ഞു.