ഹരിയാന : തറാവീഹ് നമസ്‌കാരത്തിനിടെ സോനിപതിലെ മുസ്‌ലിം പള്ളിയില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം.
നോമ്പുതുറ കഴിഞ്ഞ് രാത്രി പള്ളിയിലെത്തിയ ആളുകള്‍ നമസ്‌കാരം (തറാവീഹ്) ആരംഭിച്ചതോടെ ഒരുകൂട്ടം അജ്ഞാതര്‍ പള്ളിയിലേക്ക് അതിക്രമിച്ച് കടക്കുകയും തുടര്‍ന്ന് ആളുകളെ മര്‍ദിക്കുകയുമായിരുന്നു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ പള്ളിയിലുണ്ടായിരുന്നു. സോനിപത് സ്വദേശികളായ യുവാക്കള്‍ തന്നെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിലവില്‍ ഗ്രാമത്തിലെ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗ്രാമത്തിലെ ഏതാനും ചില സാമൂഹ്യ വിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് സോനിപത് പൊലീസ് കമ്മിഷണര്‍ ബി സതീഷ് ബാലന്‍ പറഞ്ഞു.
വിവിധ മത സമുദായത്തില്‍പ്പെട്ടവര്‍ സോനിപതിലുണ്ടെന്നും സമുദായങ്ങള്‍ക്ക് ഇടയില്‍ പൊരുത്തക്കേടുണ്ടാകുന്ന വിധത്തിലുള്ള യാതൊരുവിധ സംഭവങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇത് പ്രത്യേക പ്രകോപനങ്ങളൊന്നുമില്ലാത്ത ആക്രമണമാണെന്നും കമ്മിഷണര്‍ പറഞ്ഞു. പള്ളിയിലെ ആക്രമണത്തിന് ശേഷം കയ്യില്‍ വടികളുമായി ഗ്രാമത്തില്‍ അലഞ്ഞ് നടക്കുന്ന അക്രമികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഇത്തരത്തിലുള്ള ഗുണ്ടായിസം ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.