ന്യൂഡൽഹി : ബിജെപി ഭരണത്തില്‍ രാജ്യത്തെ ഇസ്ലാം മത വിശ്വാസികള്‍ ഏറ്റവും സുരക്ഷിതരും സന്തുഷ്‌ടരുമാണെന്ന അവകാശവാദവുമായി ആർ.എസ്.എസിന്‍റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച്(എംആർഎം). കോൺഗ്രസും എസ്‌പിയും ബിഎസ്‌പിയും മുസ്ലിങ്ങളെ പരിഗണിച്ചത് വോട്ട് ബാങ്ക് ആയി മാത്രമാണ്. അതിനാൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും മുസ്ലിം സമുദായത്തോട് സംഘടന അഭ്യർഥിച്ചു.
രാജ്യത്തെ മുസ്ലിം വിഭാഗക്കാരുടെ ഏറ്റവും വലിയ അഭ്യുദയകാംക്ഷി ബിജെപി ആണ്. മുസ്ലിങ്ങള്‍ക്കായി ബിജെപി സർക്കാർ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. അധികാരത്തിൽ വന്ന ശേഷം കോൺഗ്രസ്, എസ്‌പി. ബിഎസ്‌പി തുടങ്ങിയ രാഷ്‌ട്രീയ പാർട്ടികൾ ദാരിദ്ര്യം, നിരക്ഷരത, പിന്നോക്കാവസ്ഥ, മുത്തലാഖ് പോലുള്ള ക്രൂരതകൾ എന്നിവ മാത്രമാണ് നൽകിയിട്ടുള്ളതെന്നും മുസ്ലിം രാഷ്ട്രീയ മഞ്ച് പറയുന്നു.
2014 മുതൽ നരേന്ദ്ര മോദി സർക്കാർ ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനായി നയ് റോഷ്‌നി, നയാ സവേര, നയ് ഉദാൻ, സീഖോ ഔർ കമാവോ, ഉസ്താദ്, നയ് മഞ്ചിൽ തുടങ്ങി 36 പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ലഘുലേഖയില്‍ പറയുന്നു.