ന്യൂഡൽഹി : രാജ്യത്ത് ഏകീകൃത സിവിൽ കോഡിനായി (യുസിസി) പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിന് പിന്നാലെ എതിർപ്പുമായി അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ് (All India Muslim Personal Law Board). യുസിസിയോടുള്ള എതിർപ്പ് നിയമ കമ്മിഷനെ അറിയിക്കാൻ എഐഎംപിഎൽബി ഇന്നലെ രാത്രി ഓൺലൈനായി അടിയന്തര യോഗം ചേർന്നു. ഏകീകൃത സിവിൽ കോഡിന് (യുസിസി) സ്വന്തം കരട് തയ്യാറാക്കാനും മുസ്‌ലിം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചു.
ഇന്നലെ രാത്രി നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. വിവിധ സമുദായങ്ങൾക്കായി ഒന്നിലധികം നിയമം എന്ന ആശയം ഉപേക്ഷിക്കണമെന്നും രാജ്യത്ത് ഏകീകൃത നിയമം കൊണ്ടുവരണമെന്നും പ്രധാനമന്ത്രി ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത ചടങ്ങിൽ പറഞ്ഞിരുന്നു. അതേസമയം യുസിസി തങ്ങൾ നിരസിക്കുന്നില്ലെന്നും എന്നാൽ സ്വന്തമായി ഒരു കരട് തയ്യാറാക്കി നിയമ കമ്മിഷന് മുന്നിൽ സമർപ്പിക്കാനാണ് തീരുമാനമെന്നും മുസ്‌ലിം പൊളിറ്റിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് റഹ്മാനി പറഞ്ഞു.
യുസിസിയെ രാഷ്‌ട്രീയപരമായി ഉപയോഗിക്കരുത് : സ്വന്തം മതപരവും സാംസ്‌കാരികപരവും വ്യക്തിപരവും ആയ അവകാശങ്ങളുള്ള 140 കോടി ജനങ്ങളുള്ള ഈ രാജ്യത്ത് ഇത്തരമൊരു പ്രശ്‌നം ക്ഷമയോടെ കൈകാര്യം ചെയ്യണം. അതിനായി മാസങ്ങൾ ആവശ്യമാണ്. എന്നാൽ ബിജെപി ഇതിനെ രാഷ്‌ട്രീയപരമായോ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മണിപ്പൂരിൽ കലാപം കത്തിപ്പിടിക്കുകയും ഉത്തരാഖണ്ഡ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ മതപരമായ വിവേചനത്തിന് ജനങ്ങൾ വിധേയരാകുകയും ചെയ്യുന്ന ഈ അവസരം യുസിസി ചർച്ച ചെയ്യാൻ അനുയോജ്യമല്ലെന്ന് മുസ്‌ലിം പണ്ഡിതനായ റുമാൻ ഹാഷ്‌മി പറഞ്ഞു. ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യാവകാശമാണ് നൽകുന്നതെന്നും അതിനാൽ ഏകീകൃത നിയമം കൊണ്ടുവരണമെന്ന സുപ്രീംകോടതി വിധികളെ ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. എന്നാൽ ഇത് ഭരണഘടനയിലും ആചാരപരമായ അവകാശങ്ങളിലും നിരവധി മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് റുമാൻ ഹാഷ്‌മിയുടെ വാദം.
എന്താണ് ഏകീകൃത സിവിൽ കോഡ് :പാരമ്പര്യം, ദത്തെടുക്കൽ, പിന്തുടർച്ചാവകാശം എന്നിവയുമായി ബന്ധപ്പെട്ട മതാധിഷ്‌ഠിത വ്യക്തിനിയമങ്ങളെ അസാധുവാക്കിക്കൊണ്ട് രാജ്യത്തെ എല്ലാ വ്യക്തികൾക്കും ബാധകമായ സമഗ്രമായ നിയമത്തെയാണ് ഏകീകൃത സിവിൽ കോഡ് എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുച്ഛേദം രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായി സംസ്ഥാനം പ്രവർത്തിക്കണമെന്ന് നിർദേശിക്കുന്നുണ്ട്. എങ്കിലും വളരെക്കാലമായി ഈ വിഷയം ചർച്ചയിൽ മാത്രം ഒതുങ്ങുകയായിരുന്നു.
ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും : ഏകീകൃത സിവിൽ കോഡ് രൂപീകരിക്കുന്നതിന് ഒരു പാനൽ രൂപീകരിക്കാൻ നിർദേശിക്കുന്ന ഒരു സ്വകാര്യ ബിൽ കഴിഞ്ഞ വർഷം രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ എതിർപ്പിനെ പിന്നാലെ തുടർന്നുള്ള നടപടികൾ തടസപ്പെട്ടു. ഒരു കുടുംബത്തിൽ വ്യത്യസ്‌ത നിയമങ്ങൾ നിലനിൽക്കുന്നതിന്‍റെ അപ്രായോഗ്യതയാണ് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയതെങ്കിൽ ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യവും തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ പ്രതികരണം.