കോയമ്പത്തൂർ: കോയമ്പത്തൂരിലെ സംഗമേശ്വര ക്ഷേത്രത്തിന് സമീപമുള്ള സ്‌ഫോടന സ്ഥലം സന്ദർശിച്ച് മുസ്‌ലിം ജമാഅത്ത് നേതാക്കൾ. സന്ദർശനത്തിന് പിന്നാലെ ക്ഷേത്ര അധികാരികളുമായും പൂജാരിമാരുമായും നേതാക്കൾ ചർച്ച നടത്തി. സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ തങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണെന്നും ഇസ്‌ലാം ഇത്തരം പ്രവര്‍ത്തനങ്ങളെ നിരോധിക്കുന്ന മതമാണെന്നും സ്‌ഫോടനം നടന്നതിൽ അപലപിക്കുന്നുവെന്നും സുന്നത്ത് ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇനയാത്തുല്ല പറഞ്ഞു.
''കഴിഞ്ഞ 200 വർഷമായി ഞങ്ങൾ ഈ പ്രദേശത്താണ് താമസിക്കുന്നത്. ഇവിടെ പള്ളികളും അമ്പലങ്ങളും ഉൾപ്പെടെ നിരവധി ആരാധനാലയങ്ങൾ ഉണ്ട്. ഞങ്ങൾ സൗഹൃദപരമായി ജീവിക്കുന്നു. ഭിന്നത സൃഷ്‌ടിക്കാൻ ഞങ്ങൾ ആർക്കും ഇടം നൽകില്ല,'' അദ്ദേഹം കുട്ടിച്ചേര്‍ത്തു.
കോയമ്പത്തൂരിൽ മാത്രമല്ല, രാജ്യത്തുടനീളം ന്യൂനപക്ഷങ്ങൾക്കെതിരെ രാഷ്‌ട്രീയ പരിഭ്രാന്തി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് സാമുദായിക സൗഹാർദവും സമാധാനവും സൃഷ്‌ടിക്കാൻ രാഷ്‌ട്രീയ നേതാക്കളോട് അഭ്യർഥിക്കുന്നു. രാജ്യത്ത് സമാധാനം സൃഷ്‌ടിക്കാൻ അവർ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റിലായത് ആറ് പേർ: ഒക്‌ടോബർ 23ന് പുലർച്ചെയാണ് കോയമ്പത്തൂരിലെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപം സ്ഫോടനമുണ്ടായത്. കാറിൽ കൊണ്ടുപോകുകയായിരുന്ന ഗ്യാസ് സിലിണ്ടറുകളിൽ ഒരെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ കാറിലുണ്ടായിരുന്ന ജമേഷ മുബിൻ എന്ന യുവാവ് മരിച്ചു.
അപകടം ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജമേഷ മുബിന്‍റെ വീട്ടില്‍ നിന്ന് 75 കിലോ പൊട്ടാസ്യം നൈട്രേറ്റ്, കരി, അലുമിനിയം പൗഡർ, സ്‌ഫോടക വസ്‌തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന സൾഫർ എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് ഇയാളുടെ കൂട്ടാളികളായ ആറ് പേരെ യുഎപിഎ നിയമം (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ) 53 എ പ്രകാരം അറസ്റ്റ് ചെയ്‌തു.