ലഖ്‌നൗ:എം.എ സംസ്‌കൃതത്തിൽ അഞ്ച് മെഡലുകൾ നേടി ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ മുസ്‌ലിം വിദ്യാർഥിനിയായ ഗസാല. യൂണിവേഴ്‌സിറ്റിയിലെ മികച്ച വിദ്യാർഥിനിയായും ഗസാല തെരഞ്ഞെടുക്കപ്പെട്ടു. 2021 നവംബറിൽ നടന്ന ബിരുദദാന ചടങ്ങിൽ ഗസാലയുടെ പേര് പ്രഖ്യാപിച്ചുവെങ്കിലും കൊവിഡ് മൂലം ചടങ്ങിന് കുറച്ച് വിദ്യാർഥികൾ മാത്രമാണ് പങ്കെടുത്തിരുന്നത്. തുടർന്ന് വ്യാഴാഴ്‌ച (2022 ഫെബ്രുവരി 10) ഫാക്കൽറ്റി തലത്തിൽ നടന്ന മെഡൽ വിതരണ ചടങ്ങിൽ ഡീൻ ആർട്‌സ് പ്രൊഫസർ ശശി ശുക്ല ഗസാലയ്ക്ക് മെഡലുകൾ സമ്മാനിച്ചു.
ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, അറബിക്, സംസ്‌കൃതം എന്നീ അഞ്ച് ഭാഷകളിലും ഗസാലയ്‌ക്ക് പ്രാവീണ്യമുണ്ട്. ഗസാലയുടെ പിതാവ് കൂലിപ്പണിക്കാരനായിരുന്നു. എന്നാൽ ഗസാല പത്താം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹം മരണപ്പെട്ടു. അതിനുശേഷം വിദ്യാഭ്യാസം തുടരാൻ കുറേയേറെ പാടുപെട്ടുവെന്ന് ഗസാല പറയുന്നു. 'ഈ മെഡലുകൾ നേടിയത് ഞാനല്ല, എന്‍റെ സഹോദരങ്ങളായ ഷദാബും നയാബുമാണ്. 13ഉം 10ഉം വയസുള്ളപ്പോൾ സ്‌കൂൾ വിട്ടുവന്ന ശേഷം അവർ ഗാരേജിൽ ജോലിക്ക് പോയിതുടങ്ങി. അതുകൊണ്ടാണ് എനിക്കെന്‍റെ പഠനം തുടരാൻ കഴിഞ്ഞത്', ഗസാല പറഞ്ഞു.
ഗസാലയുടെ മൂത്ത സഹോദരി യാസ്‌മീനും ഒരു പാത്രക്കടയിൽ ജോലി ചെയ്യാൻ തുടങ്ങി. അമ്മ നസ്രീൻ ബാനോ വീടിന്‍റെ സംരക്ഷണം ഏറ്റെടുത്തു. കുടുംബത്തോടൊപ്പം ഒറ്റമുറി വീട്ടിലാണ് ഗസാലയുടെ താമസം. പുലർച്ചെ അഞ്ചിന് നമസ്‌കരിക്കാൻ എഴുന്നേൽക്കും. തുടർന്ന് വീട്ടുജോലികളിൽ അമ്മയെ സഹായിക്കും.