തുമകുരു:ആത്മീയ ഗുരു ശിവകുമാര സ്വാമിജിയുടെ 115-ാം ജന്മവാർഷികദിനത്തിൽ നടത്തിയ പേരിടൽ ചടങ്ങിൽ തങ്ങളുടെ കുഞ്ഞിന് 'ശിവമണി' എന്ന പേര് നൽകി മുസ്ലിം ദമ്പതികൾ. തുമകുരുവിലെ ക്യാത്‌സാന്ദ്ര സ്വദേശിയായ ഷാഹിസ്‌ത-സമീർ ദമ്പതികളാണ് ശിവകുമാര സ്വാമിജിയിലുള്ള ഭക്തിയാൽ കുഞ്ഞിന് ശിവമണി എന്ന പേര് നൽകിയത്. ശിവകുമാര സ്വാമിജി അന്നദാന സേവാ ട്രസ്റ്റ് വെള്ളിയാഴ്‌ച സംഘടിപ്പിച്ച ചടങ്ങിൽ 115 കുട്ടികൾക്ക് നാമകരണം നടത്തി.
ശിവകുമാര സ്വാമിജിയുടെ സമത്വത്തിന്‍റെ പ്രബോധനങ്ങളാണ് തങ്ങൾ പിന്തുടരുന്നതെന്നും അദ്ദേഹത്തിന്‍റെ വാക്കുകളും ആശയങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണെന്നും ദമ്പതികൾ പറയുന്നു. വെള്ളിയാഴ്‌ച തുമകുരുവിലെ സിദ്ധഗംഗ മഠത്തിൽ നടത്തിയ പേരിടൽ ചടങ്ങിർ രാമനഗര, ബിദർ, റായ്ച്ചൂർ തുടങ്ങി കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദമ്പതികളാണ് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് നാമകരണം നടത്തുന്നതിനായി ഇവിടേക്കെത്തിയത്.