ബെലഗാവി (കർണാടക) :മണ്‍സൂണ്‍ എത്തിയെങ്കിലും കർണാടകയിൽ പലയിടങ്ങളിലും പ്രതീക്ഷിച്ച രീതിയിലുള്ള മഴ ലഭിക്കുന്നില്ല. കഴിഞ്ഞ മാസങ്ങളിൽ കനത്ത വേനലായിരുന്നതിനാൽ തന്നെ മഴ കൂടി ലഭിക്കാതായതോടെ വെള്ളമില്ലാതെ ജനങ്ങളും മൃഗങ്ങളും ബുദ്ധിമുട്ടുകയാണ്. ഇതിനിടെ മഴയ്‌ക്കായി കണ്ണീർ പൊഴിച്ച് പ്രാർഥിച്ചിരിക്കുകയാണ് ഒരു കൂട്ടം ജനങ്ങൾ.
നഗരത്തിലെ ഈദ്ഗാഹ് മൈതാനത്താണ് ആയിരത്തോളം വരുന്ന മുസ്‌ലിം മത വിശ്വാസികള്‍ ശനിയാഴ്‌ച മഴയ്‌ക്കായി കണ്ണീർ പൊഴിച്ചുകൊണ്ട് പ്രാർഥിച്ചത്. മുഫ്‌തി അബ്ദുൽ അസീസ് ഖാസിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടപ്രാർഥനയിൽ വികാരാധീനരായ ജനങ്ങൾ 'ദൈവമേ, മഴ പെയ്യിക്കണേ' എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടാണ് പ്രാർഥന നടത്തിയത്. മത പണ്ഡിതൻമാരും ഒട്ടേറെ രാഷ്‌ട്രീയ നേതാക്കളും പ്രാർഥനയിൽ പങ്കുചേർന്നിരുന്നു.
'സാധാരണയായി മെയ് മാസത്തിൽ ബെലഗാവിയിലും വടക്കൻ കർണാടക ഭാഗങ്ങളിലും മഴ ആരംഭിക്കും. എന്നാൽ ഇത്തവണ ജൂൺ അവസാന വാരത്തിൽ പോലും മഴ പെയ്യുന്നില്ല. ഇതുമൂലം രാകസക്കൊപ്പയിലും ഹിഡക്കൽ ഡാമിലും വെള്ളം വറ്റിക്കിടക്കുകയാണ്. അതിനാൽ ഞങ്ങൾ മഴക്കായി പ്രാർഥിക്കുന്നു. ഇന്ന് മഴ പെയ്‌തില്ലെങ്കിൽ നാളെ വീണ്ടും പ്രാർഥന തുടരും'. പ്രാർഥനയിൽ പങ്കെടുത്ത ബെലഗാവി നോർത്ത് കോൺഗ്രസ് എംഎൽഎ ആസിഫ് സേത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'കൂടുതൽ ജനങ്ങളും കൃഷിപ്പണിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മഴ ഇല്ലാതായതോടെ കന്നുകാലികൾക്ക് കുടിവെള്ളം നൽകാനാകാത്ത അവസ്ഥയായി. അതിനാൽ ചിലർ തങ്ങളുടെ വിഷമങ്ങൾ കാരണം കണ്ണീർ പൊഴിച്ചുകൊണ്ട് പ്രാർഥിച്ചു. ഇന്ന് മുതൽ മൂന്ന് ദിവസം മഴയ്ക്ക് വേണ്ടി പ്രാർഥിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് മഴ പെയ്‌തില്ലെങ്കിൽ നാളെ രാവിലെ 9.30ന് വീണ്ടും പ്രാർഥിക്കാൻ തീരുമാനിച്ചതായും എംഎൽഎ അറിയിച്ചു.