ബെംഗളൂരു:ദക്ഷിണ കന്നഡയിൽ ബിജെപി - യുവമോർച്ച നേതാവ് പ്രവീണിനെ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പ്രതികള്‍ കേരളത്തിലേക്ക് കടന്നതായാണ് ലഭിക്കുന്ന വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവിലെ ആർടി നഗറിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവീണിന്റെ കൊലപാതകം അപലപനീയമാണ്. പ്രതികളെ ഉടന്‍ പടികൂടി നിയമത്തിന്‍റെ മുമ്പില്‍ എത്തിക്കും. സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രോഷമാണ് ഉയരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിയമ പരമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ജനങ്ങള്‍ ക്ഷമയോടെ ഇരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രാലയം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പൊലീസിന് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര മന്ത്രിയുടെ പ്രതികരണം:സംഭവം നടന്ന പ്രദേശം കേരള അതിർത്തിയോട് ചേർന്നാണ്. അതിനാല്‍ തന്നെ കേരള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാൻ പ്രത്യേകം ശ്രമിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.