പട്‌ന :വെടിയുതിര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ കുറ്റം ചുമത്തിയ ആളെ 43 വർഷത്തിനുശേഷം വെറുതെവിട്ട് കോടതി. ബിഹാറിലെ ബക്‌സര്‍ സ്വദേശി മുന്ന സിങ്ങിനെയാണ് (53) പ്രാദേശിക കോടതി വെറുതെ വിട്ടത്. ഇയാള്‍ക്ക് 10 വയസുള്ളപ്പോള്‍ കടയിലേക്ക് അതിക്രമിച്ചുകയറി കൊലപാതകത്തിന് ശ്രമിച്ചുവെന്നായിരുന്നു കേസ്.
ദൃക്‌സാക്ഷികളില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുന്നയെ ബക്‌സർ സിവിൽ കോടതി ജഡ്‌ജി വിട്ടയച്ചത്. 2012ല്‍ എസിജെഎം കോടതിയിൽ നിന്നും ജുവനൈൽ ജസ്റ്റിസ് കൗൺസിലിലേക്ക് കേസ് മാറ്റിയിരുന്നു. എന്നാൽ, വിചാരണ വേളയിൽ ഒരു സാക്ഷിയെ പോലും കോടതിയിൽ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല.
സംഭവം 1979 ല്‍ :കുട്ടിയായിരിക്കുമ്പോള്‍ ചെയ്‌ത കുറ്റമായതിനാല്‍ ഇത് തെളിയിക്കാൻ സാക്ഷി കോടതിയിൽ ഹാജരായി മൊഴി നൽകേണ്ടത് നിര്‍ബന്ധമാണെന്ന് കോടതി അറിയിച്ചു. എന്നാൽ, സാക്ഷിയായി ആരും എത്താഞ്ഞതോടെയാണ് ചൊവ്വാഴ്ച (ഒക്‌ടോബര്‍ 11) ജുവനൈൽ ജസ്റ്റിസ് കൗൺസിൽ ജഡ്‌ജി ഡോ. രാജേഷ് സിങ് മുന്നയെ വെറുതെ വിട്ടതായി ഉത്തരവിറക്കിയത്.
1979 സെപ്‌റ്റംബർ ഏഴിനാണ് കേസിനാസ്‌പദമായ സംഭവം. ചുഗായി സ്വദേശിയായ മുന്ന സിങ്ങിന്, 10 വയസും അഞ്ച് മാസവും പ്രായമുള്ളപ്പോള്‍ കടയിൽ കയറി വെടിയുതിർത്തുവെന്ന കേസില്‍, ഇന്ത്യൻ ശിക്ഷാനിയമം 148, 307 വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരുന്നത്. ദുംറോൺ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.