ന്യൂഡല്‍ഹി : തുടര്‍ച്ചയായ മൂന്നാം തവണയും മേയറെ തെരഞ്ഞെടുക്കാന്‍ ആവാതെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് യോഗം ബഹളത്തില്‍ പിരിഞ്ഞു. മേയര്‍ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്കിയ തീരുമാനവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള തര്‍ക്കമാണ് തെരഞ്ഞെടുപ്പ് നടത്താനാവാത്ത സ്ഥിതി വിശേഷം ഉണ്ടാക്കിയത്.
ബിജെപിയുടെ ഭാഗത്ത് നിന്ന് തെരഞ്ഞെടുപ്പ് പ്രക്രിയ തകിടം മറിക്കാനുള്ള ഗൂഢാലോചനയാണ് ഉണ്ടായിരിക്കുന്നത് എന്നും കോടതിയുടെ നിരീക്ഷണത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.
പ്രിസൈഡിങ് ഓഫിസറുടെ തീരുമാനം ആപ്പിനെ ചൊടിപ്പിച്ചു:ഇന്ന് രാവിലെ 11.30നാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗങ്ങള്‍ എന്നീ തെരഞ്ഞടുപ്പുകളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അനുമതിയുണ്ടാകുമെന്നും ഈ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുമെന്നും പ്രിസൈഡിങ് ഓഫിസറും ബിജെപി കൗണ്‍സിലറുമായ സത്യ ശര്‍മ പറഞ്ഞു. 2016ലെ ഒണിക മെഹ്റോത്ര വേഴ്സസ് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് കേസിലെ ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അനുമതിയെ സത്യ ശര്‍മ ന്യായീകരിച്ചത്. അഴിമതി കേസുകള്‍ ഉള്ളത് കൊണ്ട് ആപ്പ് കൗണ്‍സിലര്‍മാരായ അഖിലേഷ് ത്രിപാഠി, സഞ്ജീവ് ഝാ എന്നിവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതിയില്ലെന്നും പ്രിസൈഡിങ് ഓഫിസര്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപാനം ആപ്പ് കൗണ്‍സിലര്‍മാരെ കൂടുതല്‍ ചൊടിപ്പിച്ചു.
പ്രഖ്യാപനം ഉണ്ടായ ഉടന്‍ ആംആദ്മി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയായിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞ് കൊണ്ട് ആംആദ്മി പാര്‍ട്ടി അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി. പ്രിസൈഡിങ് ഓഫിസര്‍ ഹൈക്കോടി വിധി തെറ്റായി ഉദ്ധരിക്കുകയാണെന്നും ആപ്പ് ആരോപിച്ചു.