മുംബൈ:വൈകിയെത്തിയ മണ്‍സൂണില്‍ മുങ്ങി മുംബൈ (Mumbai) നഗരവും സമീപ പ്രദേശങ്ങളും. തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും മുംബൈയില്‍ മഴ ശക്തമായി തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മുംബൈ നഗരത്തില്‍ മാത്രം 31 മില്ലീമീറ്റര്‍ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഒരാഴ്‌ചയോളം വൈകിയാണ് ഇപ്രാവശ്യം മഹാരാഷ്‌ട്രയില്‍ മണ്‍സൂണ്‍ എത്തിയത്. മുംബൈ നഗരത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ ഇതുവരെ 54 മില്ലീമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 59 മില്ലീലിറ്റര്‍ മഴയും പെയ്‌തിട്ടുണ്ട്.
നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് വാഹന ഗതാഗതത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്. റെയില്‍ ഗതാഗതത്തെ മഴ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍, ഒരു ഗുഡ്‌സ് ട്രെയിനിന്‍റെ എഞ്ചിനില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ സബർബൻ റെയിൽവേ ശൃംഖലയിലെ കർജത്-ബദ്‌ലാപൂർ സെക്ഷനിലെ സര്‍വീസുകളെ ഭാഗികമായി ബാധിച്ചിരുന്നു.
അതേസമയം, കനത്ത മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്‌ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. താനെയില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഒരു കിണര്‍ ഇടിഞ്ഞു താഴുകയും അതിലേക്ക് ഒരു ഇരുചക്ര വാഹനം വീഴുകയും ചെയ്‌തു. ഇന്ന് രാവിലെ ആയിരുന്നു ഈ സംഭവം.
കിണര്‍ ഇടിഞ്ഞുതാഴ്‌ന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷൻ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെൽ മേധാവി യാസിൻ തദ്വി അറിയിച്ചു. കൂടാതെ, നേരത്തെ താനെയില്‍ ഒരു ഹോട്ടലിന്‍റെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇന്ന് രാവിലെ എട്ടരയോടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ താനയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 85.49 മില്ലീമീറ്റര്‍ മഴ ലഭിച്ചതായാണ് വിവരം. ഇന്ന് പുലര്‍ച്ചെ 2.30 നും 3.30 നും ഇടയിലുള്ള ഒരു മണിക്കൂറിനുള്ളിൽ 38.87 മില്ലീ മീറ്റര്‍ മഴ പെയ്‌തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
മഴ ഇനിയും ശക്തമാകും:മഹാരാഷ്‌ട്രയില്‍ മഴ ഇനിയും ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റായ്‌ഗഡ് രത്നഗിരി മേഖലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാൽഘർ, മുംബൈ, താനെ, സിന്ധുദുർഗ് എന്നീ സ്ഥലങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കി. വരുന്ന അഞ്ച് ദിവസങ്ങളിലും മുംബൈയില്‍ മഴ തുടരാനാണ് സാധ്യത. ഇപ്രാവശ്യം 62 വര്‍ഷത്തിന് ശേഷം ആദ്യമായി ഡല്‍ഹിയിലും മുംബൈയിലും ഒരുമിച്ചായിരുന്നു മണ്‍സൂണ്‍ എത്തിയത്.
കേരളത്തിലും മഴ തുടരും: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
More Read :Weather Update| സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്