മുംബൈ: ആത്മഹത്യ ചെയ്യാനുള്ള എളുപ്പവഴികളെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞ 25 കാരന്‍റെ ജീവന്‍ രക്ഷിച്ച് മുംബൈ പൊലീസ്. യുവാവിനെ ആത്മഹത്യയില്‍ നിന്നും പിന്തിപ്പിരിച്ച് കൗണ്‍സിലിങിനും വിധേയനാക്കി. മുംബൈയിലെ കുര്‍ള വെസ്‌റ്റിലെ കിസ്‌മത് നഗറിലുള്ള യുവാവ് നിരന്തരമായി ഇന്‍റര്‍നെറ്റില്‍ ആത്മഹത്യക്കുള്ള എളുപ്പവഴി തേടുന്നതായി ഫെബ്രുവരി 15 ന് യുഎസ്‌എന്‍സിഇ വാഷിങ്‌ടണ്‍ ഇന്‍റര്‍പോളാണ് ന്യൂഡല്‍ഹിയിലെ ഇന്‍റര്‍പോളിനെ വിവരമറിയിച്ചത്.
ഇന്‍റര്‍പോള്‍ കണ്ടു, യുവാവ് രക്ഷപ്പെട്ടു:വിവരം ലഭിച്ചതോടെ അതിലെ ഗൗരവം മനസിലാക്കി ന്യൂഡല്‍ഹിയിലെ ഇന്‍റര്‍പോള്‍ വിഭാഗം മുംബൈ പൊലീസിന്‍റെ ക്രൈംബ്രാഞ്ചിന്‍റെ ഇന്‍റര്‍പോള്‍ സെല്ലിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസിലെ മുതിര്‍ന്ന ഉദ്യേഗസ്ഥരുടെ നിര്‍ദേശപ്രകാരം പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അജിത് ഗനാജിയും സംഘവും സാങ്കേതികവിദ്യയുടെ സഹായത്തോടെ യുവാവിനെ കണ്ടെത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
ആത്മഹത്യയിലേക്ക് വഴി തേടി:സ്വകാര്യ കമ്പനിയിൽ ഐടി എഞ്ചിനീയറായി ജോലി ചെയ്‌തുവരികയായിരുന്ന യുവാവിനെ ജോഗേശ്വരി വെസ്‌റ്റിലെ താമസസ്ഥലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. വിദ്യാഭ്യാസത്തിനും ദൈനംദിന ആവശ്യങ്ങൾക്കുമായി വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തിരുന്നുവെന്നും കടം വീട്ടാനും വീട്ടുചെലവും താങ്ങാനാവാതെയും വന്നതോടെ വിഷാദരോഗം മൂലമാണ് ആത്മഹത്യക്കൊരുങ്ങിയതെന്നാണ് യുവാവ് പൊലീസിന് നല്‍കിയ വിശദീകരണം. ഇതിന് മുമ്പ് മൂന്നും നാലും തവണ എളുപ്പരീതിയില്‍ ആത്മഹത്യക്ക് ശ്രമിച്ചതായും യുവാവ് പൊലീസിനോട് തുറന്നുപറഞ്ഞു. ഇതോടെ പൊലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്ത് കൗണ്‍സിലിങിന് വിധേയനാക്കുകയായിരുന്നു.
ശ്രദ്ധിക്കണം, എന്നും പൊലീസ് കാണില്ല: കൗണ്‍സിലിങിന് ശേഷം ഇയാളെ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് മടക്കി അയച്ചു. യുവാവിന്‍റെ മാനസിക അസ്വസ്ഥതകൾ പരിഹരിക്കാന്‍ വിദഗ്‌ധരോട് വൈദ്യസഹായം തേടാനും പൊലീസ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം സമയബന്ധിതമായ ഇടപെടലിലൂടെ മകന്‍റെ ജീവന്‍ രക്ഷിച്ചതില്‍ മാതാപിതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ചു.
പൊലീസ് കമ്മിഷണര്‍ വിവേക് ഫന്‍സല്‍ക്കര്‍, സ്‌പെഷ്യല്‍ കമ്മിഷണര്‍ ദേവന്‍ ഭാരതി, ജോയിന്‍റ് പൊലീസ് കമ്മിഷണര്‍ (ക്രൈം) ലക്ഷ്‌മി ഗൗതം, അപ്പര്‍ കമ്മിഷണര്‍ ജ്ഞാനേശ്വര്‍ ചവാന്‍, ഡെപ്യൂട്ടി കമ്മിഷണര്‍ പ്രശാന്ത് കദം, അസിസ്‌റ്റന്‍റ് കമ്മിഷണര്‍ നംദേവ് ഷിണ്ഡെ, പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അജിത് ഗന്താരി, എഎസ്‌ഐമാരായ അമോല്‍ മാലി, അശോക് ഭുജ്ബാല്‍, പൊലീസ് കോണ്‍സ്‌റ്റബിള്‍മാരായ ധനഞ്ജയ് പൈഗങ്കര്‍, ഗണേഷ് കാലെ അരവിന്ദ് മാലുസരെ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.